ആന്റോ ആന്റണിക്ക് എട്ടിന്റെ പണി! 12 കോടിയുടെ അഴിമതി പുറത്തു കൊണ്ട് വന്ന് കോണ്‍ഗ്രസ്സ് നേതാവ്

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സിറിയക്ക് ലൂക്കോസും ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫുമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

പത്തനംതിട്ട: പത്തനംതിട്ട എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി അധികാരത്തിന്റെ പിന്‍ബലത്തില്‍, ഭാര്യയുടെയും സഹോദരങ്ങളുടെയും പേരില്‍ അനധികൃതമായി വായ്പ്പ തരപ്പെടുത്തി വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സിറിയക്ക് ലൂക്കോസും ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫുമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. എംപിയുടെ കുടുംബം സാമ്പത്തിക ക്രമക്കേട് നടത്തിയ പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്കും മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്കും പ്രതിസന്ധിയിലായെന്നും ഇവര്‍ ആരോപിച്ചു.

ആന്റോ ആന്റണി എംപിയുടെ സഹോദരനും കോണ്‍ഗ്രസ് സംഘടനാ നേതാവുമായിരുന്ന ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയതായാണ് ബാങ്ക് ഭരണസമിതി മുന്‍ ഭാരവാഹികള്‍ ആരോപിച്ചത്. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരോപണം ഉന്നയിച്ചത്.

എംപിയുടെ ഭാര്യ ഗ്രേസ് ആന്റോയെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അംഗമാക്കുകയും ഇവരുടെ പേരിലുള്ള 47.59 ആര്‍ വസ്തുവിന്റെ ഈടിന്‍മ്മേല്‍ മൂന്ന് പേരുടെ പേരില്‍ 30 ലക്ഷം ലോണ്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് നിയമ പ്രകാരം ഒരു വസ്തുവിന്റെ മേല്‍ പരമാവധി 10 ലക്ഷം വായ്പ നല്‍കാനെ കഴിയുകയുള്ളൂ എന്ന നിയമം നിലനില്‍ക്കയാണ് അനധികൃതമായി വായ്പ നല്‍കിയതെന്ന് പരാതിക്കാര്‍ പറഞ്ഞു.

എംപിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ ഭാര്യ മകള്‍ മറ്റ് ബന്ധുക്കള്‍ എന്നിവരുടെ പേരില്‍ 1 കോടി 40 ലക്ഷം രുപ വായ്പ്പയെടുത്തു. എംപിയുടെ ജേഷ്ഠ സഹോദരന്‍ ജെയിംസ് ആന്റണി ഭാര്യ ചിന്നമ്മ ജെയിംസ് മകള്‍ അനി (ടീസ മകന്‍ ആന്റോച്ചന്‍ എന്നിവരുടെയും മറ്റൊരു സഹോദരന്‍ ജോസ് ആന്റണി എന്നയാളുടെയും പേരില്‍ 6 കോടി 94 ലക്ഷം രൂപ മുന്നിലവ് സര്‍വീസ് സഹകരണ ബാങ്കില്‍ കുടിശിഖയുണ്ട്. ഇത്മൂലം രണ്ട് ബാങ്കുകളും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കുടിയായ സിറിയക്ക് ലൂക്കോസ് പറഞ്ഞു.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് 2018 നവംബറില്‍ പരാതി നല്‍കിയെങ്കിലും ആന്റോ ആന്റണിയുടെ സ്വാധീനത്താല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈട് വച്ച ഭൂമിയുടെ വില പെരുപ്പിച്ച് കാട്ടിയാണ് എംപിയുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version