15 ദിവസം പ്രായമുള്ള കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; ആരോഗ്യനില ഗുരുതരം; ഹൃദയത്തിന് നിരവധി പ്രശ്‌നങ്ങളെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: അടിയന്തിരമായി ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഗുരുതരമാണെന്നും ഹൃദയത്തിന് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ശിശുരോഗ വിദഗ്ധര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം കൂടി വിലയിരുത്തേണ്ടതുണ്ട് എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശിശുരോഗ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് ചികിത്സയിലുള്ളത്. നേരത്തെ, മംഗലാപുരത്തു നിന്നും എറണാകുളം അമൃത ആശുപത്രിയിലേക്ക് അഞ്ചര മണിക്കൂര്‍ കൊണ്ടാണ് കുട്ടിയെ റോഡ് മാര്‍ഗം എത്തിച്ചത്. മംഗലാപുരത്തു നിന്നും 11.15ഓടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കായിരുന്നു ആംബുലന്‍സ് ലക്ഷ്യം വെച്ച് കുതിച്ചിരുന്നതെങ്കിലും, ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിച്ചാണ് മന്ത്രി തീരുമാനമെടുത്തത്. 18 വയസിന് താഴെയുള്ള കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതയായ ഹൃദ്യം ചികിത്സാ പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

അമൃത ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും മന്ത്രിയുടെ നിര്‍ദേശത്തോടെയാണ് തയ്യാറാക്കിയത്. തിരുവനന്തപുരത്തിന് പകരം എറണാകുളത്ത് തന്നെ ചികിത്സ ഉറപ്പാക്കിയതോടെ അഞ്ച് മണിക്കൂറോളം സമയം ലാഭിക്കാനുമായി. അതേസമയം, കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിക്കാന്‍ മുന്‍കൈയ്യെടുത്ത ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ശ്രീചിത്രയ്ക്ക് പകരം അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് നിലപാടെടുത്തതായി മന്ത്രി കെകെ ഷൈലജ വെളിപ്പെടുത്തി. സര്‍ക്കാര്‍ ചിലവില്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവനാണ് തനിക്ക് വലുതെന്നും കോഴിക്കോട് മിംസിലോ അവിടം പിന്നിട്ടെങ്കില്‍ എറണാകുളം അമൃതയിലോ കുഞ്ഞിനെ പ്രവേശിക്കണമെന്ന് മന്ത്രി കര്‍ശ്ശന നിര്‍ദേശം നല്‍കുകയായിരുന്നു. ഒടുവില്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

400 കിലോമീറ്ററോളം ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് പിന്നിട്ടത് ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‍ ദേളിയുടെ ഡ്രൈവിങ് മികവുകൊണ്ട് കൂടിയാണ്. ഈ ദൗത്യത്തില്‍ സഹകരിച്ച ജനങ്ങളോടും സോഷ്യല്‍മീഡിയയോടും ഹസ്സന്‍ ദേളി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Exit mobile version