തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യം; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. മേപ്പാടി മുണ്ടക്കയിലാണ് ഇന്ന് രാവിലെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ വീണ്ടും
മാവോയിസ്റ്റ് പോസ്റ്റര്‍. ജനകീയാധികാരം സ്ഥാപിക്കാന്‍ ജനകീയ യുദ്ധപാതയില്‍ അണിനിരക്കുക, പുത്തന്‍ ജനാധിപത്യ ഇന്ത്യയ്ക്കായി കാര്‍ഷിക വിപ്ലവത്തിന്റെ ചെങ്കൊടിക്ക് കീഴില്‍ അണി നിരക്കുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററുകളിലുണ്ട്.

സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. മേപ്പാടി മുണ്ടക്കയിലാണ് ഇന്ന് രാവിലെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

യുഡിഎഫ് ഓഫീസിന്റെ ചുവരിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകള്‍ മറയ്ക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തുള്ള ബാനര്‍ കെട്ടിയിരിക്കുന്നത്.

പ്രദേശത്തെ ആദിവാസി വീടുകളിലെത്തി മാവോയിസ്റ്റുകള്‍ അരിയും സാധനങ്ങളും വാങ്ങിയതായും സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് തണ്ടര്‍ബോള്‍ട്ട് സംഘം എത്തി പരിശോധന ആരംഭിച്ചു.

Exit mobile version