പുലര്‍ച്ചയെത്തി വാതില്‍ തുറക്കും വരെ കാത്തിരുന്നത് മണിക്കൂറുകള്‍; നിധീഷ് നടത്തിയത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന ആസൂത്രണം; ബാഗില്‍ കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയ 2 കുപ്പി പെട്രോള്‍

ദിവസങ്ങളെടുത്താണ് ആസൂത്രണം എന്നതിന്റെ തെളിവാണ് നേരത്തെ തന്നെ ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ കത്തിയും ബാഗില്‍ കരുതിയ രണ്ടുകുപ്പി പെട്രോളും

തൃശ്ശൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വിസമ്മതിച്ചതാണ് നീതുവിനെ കൊലപ്പെടുത്താന്‍ നിധീഷിനെ പ്രേരിപ്പിച്ചത്. ദിവസങ്ങളെടുത്താണ് ആസൂത്രണം എന്നതിന്റെ തെളിവാണ് നേരത്തെ തന്നെ ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ കത്തിയും ബാഗില്‍ കരുതിയ രണ്ടുകുപ്പി പെട്രോളും കൈയ്യില്‍ കരുതിയിരുന്ന വിഷവും.

നീതുവിന്റെ ജീവനെടുക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ ആസൂത്രണം കൃത്യമായി നിധീഷ് വിചാരിച്ചപോലെ നടന്നെങ്കിലും പിന്നീട് വിഷം കഴിച്ച് ജീവനൊടുക്കാനുള്ള പദ്ധതി ഓടിക്കൂടിയ നാട്ടുകാരും നീതുവിന്റെ ബന്ധുക്കളും പൊളിച്ചു. കൈകള്‍ കെട്ടി യുവാവിനെ പോലീസിന് കൈമാറുകയായിരുന്നു.

ചിയ്യാരത്തു നീതുവിന്റെ വീട്ടില്‍ പുലര്‍ച്ചെ നാലരയോടെയാണ് നിധീഷ് ബൈക്കിലെത്തിയത്. വീട്ടില്‍ നിന്നും കുറച്ചുമാറി നീതുവിന്റെ ബന്ധു വാസുദേവന്റെ വീടിനുമുന്നിലാണ് ബൈക്ക് നിര്‍ത്തിയിട്ടത്. ചെരുപ്പും ഇവിടെ ഊരിയിട്ടിരുന്നു. വീടിനു പുറകുവശത്തേക്ക് എത്തിയ നിധീഷ് വീട്ടിലേക്ക് അതിക്രമിച്ചു കയറി ബഹളത്തിന് ഇടനല്‍കാതെ അടുക്കള വാതില്‍ തുറക്കുന്നതും കാത്ത് 2 മണിക്കൂറോളം പുറത്തു ചെലവഴിക്കുകയായിരുന്നു.

ബാഗില്‍ 2 കുപ്പിയില്‍ പെട്രോള്‍ നിറച്ചു സൂക്ഷിക്കുകയും ചെയ്തിരുന്നു. 2 കുപ്പി നിറയെ പെട്രോള്‍ നിധീഷ് എങ്ങനെ സംഘടിപ്പിച്ചുവെന്നതും പോലീസിനെ ആദ്യം കുഴക്കിയിരുന്നു. പകയുടെ പുറത്തുള്ള തീകൊളുത്തിയുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കുപ്പികളില്‍ പെട്രോള്‍ വില്‍ക്കുന്നതു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പെട്രോള്‍ പമ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിധീഷ് കൈയ്യില്‍ കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയെടുത്ത പെട്രോളാകാനാണ് സാധ്യതയെന്ന് പോലീസ് വിലയിരുത്തുന്നു.

പെട്രോളിനൊപ്പം വിലയേറിയ കത്തിയും വിഷവും ബാഗിനുള്ളിലുണ്ടായിരുന്നു. ഒരു ജോഡി കൈയ്യുറയും ധരിച്ചിരുന്നു. പിന്നീട് ആറരയോടെ അടുക്കളവാതില്‍ തുറന്നതോടെ വീട്ടിലുണ്ടായിരുന്ന നീതുവിന്റെ മുത്തശ്ശിയുടെ കണ്ണില്‍പ്പെടാതെ അകത്ത് കയറി. കത്തികൊണ്ടു 12 തവണയോളം കുത്തി നീതുവിനെ വീഴ്ത്തിയെങ്കിലും അഞ്ചിടത്താണ് ആഴത്തിലുള്ള മുറിവുകളുണ്ടായത്.

എങ്കിലും, മരണ കാരണമായേക്കാവുന്ന മുറിവുകളൊന്നും നീതുവിനേറ്റിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കുത്തേറ്റു വീണതോടെ നിധീഷ് നീതുവിനു മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. അലര്‍ച്ച കേട്ട് സമീപത്തെ വീടുകളില്‍ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി യുവാവിനെ പിടികൂടുകയും നീതുവിനെ കാറില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കാറില്‍ കയറ്റുന്നതു വരെ നീതുവിന് ജീവനുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്രയുടെയും എസിപി എസ് ഷംസുദീന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.

പഠനത്തിലും ചിത്രരചനയിലും മിടുക്കിയായ നീതു ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിലും സമര്‍ത്ഥയായിരുന്നു. ഇതാണ് നീതുവിനേയും നിധീഷിനേയും അടുപ്പിച്ചത്. രണ്ടാം വയസില്‍ അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ച് പോവുകയും ചെയ്ത നീതുവിനെ അമ്മാവനും മുത്തശ്ശിയുമാണ് പരിപാലിച്ചിരുന്നത്.

Exit mobile version