റേഷന്‍ കടയിലെ അരി കടത്തല്‍ കൈയ്യോടെ പിടികൂടിയതിന്റെ പ്രതികാരമായി ഉദ്യോഗസ്ഥനെ അന്ന് എംകെ രാഘവന്‍ സ്ഥലം മാറ്റി; കോണ്‍ഗ്രസിനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍.

കോഴിക്കോട്: അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാരനടപടിയെടുത്തും പൊതുവിതരണ ശൃംഖലയെ അഴിമതിയില്‍ തുടരാന്‍ അനുവദിച്ചും അധികാരം ദുര്‍വിനിയോഗം ചെയ്ത ജനപ്രതിനിധിയാണ് എംകെ രാഘവനെന്നാണ് പുതിയ ആരോപണം. സിഡിആര്‍എഫിലെ മുന്‍സീനിയര്‍ സൂപ്രണ്ടായ തോമസ് നടുവിലേക്കരയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എംകെ രാഘവന്റെ അഴിമതിയുടെയും സ്വജനപക്ഷപാത പ്രവര്‍ത്തിയുടെയും തെളിവുകള്‍ സ്വന്തം അനുഭവത്തില്‍ നിന്നും നിരത്തിയാണ് ഈ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.

2011ല്‍ തോമസ് നടുവിലേക്കര റേഷനിങ് ഇന്‍സ്‌പെക്ടറായിരുന്ന സമയത്ത് കോഴിക്കോട്ടെ ഒരു റേഷന്‍ കടയില്‍ നിന്നും 6 ക്വിന്റല്‍ ഗോതമ്പും 8 ക്വിന്റല്‍ അരിയും മറിച്ചുവിറ്റത് കൈയ്യോടെ പിടികൂടി കര്‍ശ്ശന നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെ, ഒരു കോണ്‍ഗ്രസ് കൗണ്‍സിലറായ റേഷന്‍ കടക്കാരന്റെ ശുപാര്‍ശയില്‍ തോമസ് നടുവിലേക്കരയ്‌ക്കെതിരെ സ്ഥലം മാറ്റമുള്‍പ്പടെയുള്ള നടപടിയെടുത്താണ് അന്നത്തെ എംപി എംകെ രാഘവന്‍ അഴിമതിയോട് പ്രതിപത്തി കാണിച്ചത്.

റേഷന്‍ കടയില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ക്വിന്റല്‍ കണക്കിന് അരിയും ഗോതമ്പും മറിച്ചുവിറ്റത് കൈയ്യോടെ പിടുകൂടിയതിന് തന്നെ സ്ഥലം മാറ്റിയ വ്യക്തിയാണ് അന്നത്തെയും ഇന്നത്തെയും എംപിയായ എംകെ രാഘവനെന്ന് ഈ റിട്ട.സപ്ലൈകോ ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. അന്ന് സ്ഥലംമാറ്റം ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിക്കാനായി നേരിട്ട് എംപിയെ കാണാന്‍ ചെന്നപ്പോള്‍ കേട്ടത് പരിഹാസം നിറഞ്ഞവാക്കുകളായിരുന്നു എന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിക്കുന്നു. എല്ലാവരും എകെ ആന്റണിയാകേണ്ടെന്നും, റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ഈ ബിസിനസ് ചെയ്യുന്നതെന്നും കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണമെന്നുമായിരുന്നു അന്ന് എംകെ രാഘവന്റെ ഉപദേശം. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എംകെ രാഘവന്റെ കള്ളിവെളിച്ചത്തായത് ദൈവം നല്‍കിയ ശിക്ഷയാണെന്നും തോമസ് നടുവിലേക്കര ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

തോമസ് നടുവിലേക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

2011 സെപ്റ്റംബറില്‍ കോഴിക്കോട് സിറ്റിയിലെ ഒരു റേഷന്‍ കടക്കാരനെതിരേ 8 ക്വിന്റല്‍ റേഷനരിയും 6 ക്വിന്റല്‍ ഗോതമ്പും മറിച്ചുവിറ്റതിന് അന്ന് റേഷനിംങ് ഇന്‍സ്‌പെക്ടറായിരുന്ന ഞാന്‍ കര്‍ശനമായ നടപടിയെടുത്തു. സത്യസന്ധമായി ജനങ്ങളുടെ അവകാശത്തിനൊപ്പം നിന്നതിന്റെ ശിക്ഷയായി, ഒരു റേഷന്‍ കടക്കാരനായ കൗണ്‍സിലറുടെ നിര്‍ബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. എന്നെ ജില്ല വിട്ട് സ്ഥലം മാറ്റാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തിന്റെ നിജസ്ഥിതി എം.പി.യെക്കണ്ടു ധരിപ്പിക്കാന്‍ ഞാന്‍ മറ്റൊരു ഛോട്ടാ കോണ്‍ഗ്രസ് നേതാവിനെ കൂട്ടി പോയി. അദ്ദേഹം ഉപദേശിച്ചു. ‘എല്ലാവരും AK ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം’ എന്ന്.
എന്നെ നന്നായറിയാവുന്ന എന്റെ ഉന്നത ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി കണ്‍ട്രോളര്‍ എനിക്കു വേണ്ടി ഡയറക്ടറുടെ അടുത്ത് വാദിച്ചു. കോണ്‍ഗ്രസ് നേതാവായ എറണാകുളത്തുള്ള എന്റെ ഒരു അകന്ന ബന്ധുവും ഇക്കാര്യത്തില്‍ എന്നെ സഹായിച്ചു. എന്റെ ട്രാന്‍സ്ഫര്‍ സിറ്റി റേഷനിംങ്ങ് ഓഫീസില്‍ നിന്ന് ജില്ലാ സപ്‌ളൈ ആഫീസിലെ ഹെഡ് ക്ലാര്‍ക്ക് സ്ഥാനത്തേക്ക് പരിമിതപ്പെടുത്തിക്കിട്ടി. രാഷ്ട്രീയ സ്വാധീനമില്ലാത്ത എനിക്ക് വേണ്ടി ഇന്ന് 8 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം പ്രതികാരം ചെയ്തിരിക്കുന്നു. കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു. വര്‍ഷങ്ങളായി കൊണ്ടു നടന്ന മനസിന്റെ വേദനക്ക് ഒരു പരിഹാരമായി.ദൈവത്തിനു നന്ദി.

Exit mobile version