‘സ്വന്തം മരുമകള്‍ തന്നെയായിരുന്നു നീതു; ഞാന്‍ വാരിക്കൊടുത്താലേ കഴിക്കൂ’; നീതുവിനെ മകന്‍ കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറാതെ ഈ അമ്മ

'സ്വന്തം മരുമകള്‍ തന്നെയായിരുന്നു നീതു; ഓരോ ആഘോഷത്തിനും വീട്ടില്‍ വരും, ഞാന്‍ വാരിക്കൊടുത്താലേ കഴിക്കൂ; സര്‍ജറിക്ക് ശേഷം അവന്‍ ദേഷ്യക്കാരനായി';നീതുവിനെ മകന്‍ കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറാതെ ഈ അമ്മ

തൃശ്ശൂര്‍: കേരളത്തെ ഞെട്ടിച്ച് പ്രണയത്തിന്റെ പേരിലെ പകയും തീകൊളുത്തി കൊലപാതകവും ആവര്‍ത്തിക്കുന്നു. തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കവിതയെന്ന പെണ്‍കുട്ടിയെ കുറിച്ച് ഓര്‍ത്ത് കേരളം തേങ്ങുന്നതിനിടയിലാണ് സമാനമായ സംഭവം തൃശ്ശൂരില്‍ ആവര്‍ത്തിച്ചത്. ചിയാരത്ത് പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച നീതുവെന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ വീട്ടില്‍ കയറി തീകൊളുത്തി കൊല്ലുകയായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ മകന്റെ ചെയ്തിയില്‍ നിന്നും നിധീഷിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് നിധീഷിന്റെ അച്ഛന്‍. ശാന്ത സ്വഭാവക്കാരനായ മകന്‍ ഈ ക്രൂരകൃത്യം ചെയ്‌തെന്ന് നിധീഷിന്റെ അമ്മയ്ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

ഫേസ്ബുക്ക് വഴിയായിരുന്നു യാത്രകളോട് പ്രിയമായിരുന്ന ഇരുവരും പരിചയപ്പെടുന്നത്. ഒരു ദിവസം നീതുവിനെ നിധീഷ് തന്നെയാണ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയത്. ആദ്യം നീതുവിനെ അംഗീകരിക്കാനായില്ലെങ്കിലും അവളുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റം കാരണം പെട്ടെന്ന് തന്നെ ഇഷ്ടമാവുകയായിരുന്നെന്ന് നിധീഷിന്റെ അമ്മ പറയുന്നു.

‘പിന്നെ സ്വന്തം മരുമകളായി തന്നെയാണ് നീതുവിനെ കണ്ടത്. വീട്ടില്‍ ഇടയ്ക്കിടെ വരുമായിരുന്നു. വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഭക്ഷണം വാരിക്കൊടുത്താലേ അവള്‍ കഴിക്കൂ. വടക്കേക്കാട് വീട്ടിലെ എല്ലാ ചടങ്ങുകള്‍ക്കും മോള് വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രസെടുത്ത് കോളേജില്‍ വച്ചോ തൃശ്ശൂരില്‍ വച്ചോ അവന്‍ മോള്‍ക്ക് നല്‍കുമായിരുന്നു. മരുമോളായി നീതുവിനെ ഞങ്ങളെന്നേ സങ്കല്‍പ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങള്‍ വിളിക്കാറുള്ളു. കഴിഞ്ഞ ദിവസവും മോള് മെസേജിട്ടു: ‘വാച്ച് ഇഷ്ടായിട്ടോ അമ്മേ’ എന്ന്. പിന്നീട് എന്താ സംഭവിച്ചത് എന്നറിയില്ല. അവര്‍ തമ്മില്‍ വളരെ ഇഷ്ടത്തിലായിരുന്നു’- കണ്ണീരു തോരാതെ ഈ അമ്മ പറയുന്നു.

നീതുവിനെ നിധീഷ്‌കൊലപ്പെടുത്തിയത് ടിവിയിലൂടെയാണ് ഇവരും അറിഞ്ഞത്. മകന്‍ എറണാകുളത്തു നിന്നും തൃശ്ശൂരെത്തിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് എന്താണെന്നു ഇപ്പോഴും ഈ മാതാപിതാക്കള്‍ക്ക് അറിയില്ല.

അതേസമയം, അമിതരക്ത സമ്മര്‍ദ്ദം കാരണം ഞരമ്പുകള്‍ പൊട്ടുന്ന തരത്തിലുള്ള അസുഖമുണ്ടായിരുന്നു നിധീഷിനെന്ന് അമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് അതിനുള്ള സര്‍ജറിയും കഴിഞ്ഞിരുന്നു. അച്ഛന് സുഖമില്ലാത്തതിനാല്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് വെച്ച് തന്നെയാണ് സര്‍ജറിക്ക് നിധീഷ് വിധേയനായതെന്നും ഈ സര്‍ജറിക്ക് ശേഷം മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരിക്കാം എന്നുമാണ് ഈ അമ്മ പറയുന്നത്. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതമായത് ഈ സര്‍ജറിക്ക് ശേഷമാണെന്ന് അമ്മ പറയുന്നു.

അതേസമയം യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. ഫോണില്‍ നിറയെ ഇരുവരുടെയും ടിക് ടോക് വീഡിയോകളായിരുന്നു. ഇരുവീട്ടുകാര്‍ക്കും ബന്ധത്തില്‍ താത്പര്യമുള്ളതായും പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.

അതേസമയം, നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ചശേഷം വിഷം കഴിച്ച് മരിക്കാന്‍ തയ്യാറെടുത്തിരുന്നതായും നിധീഷ് പോലീസിനോട് പറഞ്ഞു. മൂന്നു വര്‍ഷത്തിലധികമായി എറണാകുളത്തെ സ്വകാര്യ കമ്പനിയിലാണ് നിധീഷ് ജോലി ചെയ്യുന്നത്. അച്ഛനെയും അമ്മയെയും രണ്ടാംവയസില്‍ പിരിയേണ്ടി വന്നയാളാണ് നീതു. 20 കൊല്ലം മുന്‍പ് അമ്മ മരിച്ചതിനു പിന്നാലെ അച്ഛന്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. മുത്തശ്ശിയും അമ്മാവനുമായിരുന്നു നീതുവിന് കൂട്ടായി ഉണ്ടായിരുന്നത്.

Exit mobile version