കോണ്‍ഗ്രസിന് ഇടതുപിന്തുണ വേണ്ട; തന്റെയും പാര്‍ട്ടി അണികളുടേയും ആഗ്രഹം അതുതന്നെ; ആശങ്കയില്ലെന്നും കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസിന് ഇടതുപക്ഷത്തിന്റെ പിന്തുണയുടെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദേശീയ തലത്തില്‍ അത് ഇടത് പിന്തുണ ഇല്ലാതാക്കുമെങ്കിലും ഒരു കുഴപ്പവുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഞങ്ങളുടെയും ആഗ്രഹം. ഇടതുപക്ഷം എണ്ണാന്‍ പോലുമില്ലാത്ത കുഞ്ഞന്‍ പാര്‍ട്ടിയാണെന്നും അതുകൊണ്ട് ഇടതുപക്ഷത്തിന്റെ പിന്തുണയെക്കുറിച്ച് ആശങ്കയില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

അതേസമയം, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Exit mobile version