വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം സാഥാനാര്‍ത്ഥിയെ പിന്‍വലിക്കണം; ആവശ്യവുമായി വിഎം സുധീരന്‍

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യത്തില്‍ സിപിഐ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കണം. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന് പുരോഗതി ഉണ്ടാക്കുമെന്നും വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഇതിനിടെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ഇടത് മുന്നണി തയ്യാറാകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ആവശ്യമ ഉന്നയിച്ചു. കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എന്നും ഇതോടെ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും വിജയമുറപ്പിച്ചെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

എന്നാല്‍ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. മത്സരം പ്രതീകാത്മകമാണെങ്കില്‍ രാഹുല്‍ ബിജെപി ശക്തി കേന്ദ്രത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Exit mobile version