‘ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്’! ഏറെ അഭിമാനവും സന്തോഷവുമുള്ള വാര്‍ത്ത; രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് ടി സിദ്ധീക്ക്

കോഴിക്കോട്: കേരളത്തെയും രാജ്യത്തെ തന്നെയും അമ്പരപ്പിച്ചുകൊണ്ട് അമേഠിക്ക് പുറമെ രണ്ടാമത്തെ മണ്ഡലമായി വയനാടിനെ തെരഞ്ഞെടുത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വയനാട്ടിലേക്ക് രാഹുലെത്തുമെന്ന് പ്രഖ്യാപിച്ചത് എഐസിസി ഭാരവാഹിയായ എകെ ആന്റണിയാണ്. കെസി വേണുഗോപാലും എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും അഹമ്മദ് പട്ടേലും പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിലാണ് അന്തിമ തീരുമാനം അറിയിച്ചിത്.

അതേസമയം, രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വയനാട് ഡിസിസി ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

ഇതിനിടെ കെപിസിസി നേരത്തെ വയനാട് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിരുന്ന ടി സിദ്ധീക്കും സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി. ഇത് സന്തോഷത്തിന്റെ നിമിഷമാണെന്നും ബിജെപിക്കും ഇടതുപക്ഷത്തിനുമെതിരായ വിശ്വവിഖ്യാതമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് ഈ തീരുമാനമെന്നും സിദ്ധീക്ക് പ്രതികരിച്ചു. കേരളത്തിലെ ഇരുപത് ലോക്‌സഭാ സീറ്റിലും യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്നും സിദ്ധീക്ക് പ്രത്യാശ പ്രകടിപ്പിച്ചു. സന്തോഷവും അഭിമാനവുമുള്ള നിമിഷമെന്നാണ് ടി സിദ്ധീക്ക് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ആദ്യം പ്രതികരിച്ചത്.

മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് രാഹുലിന് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കവെ എകെ ആന്റണി പറഞ്ഞു. രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതി പിന്നീട് അറിയിക്കും.

Exit mobile version