ഇതുവരെ പ്രഖ്യാപനമെത്തിയില്ല; കെ മുരളീധരന് വടകരയില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ ജാള്യതയെന്ന് എല്‍ഡിഎഫ്

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് ഏറെ മുന്നോട്ട് പോയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനും ഇടത് ക്യാമ്പിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പോലുമില്ലാതെ യുഡിഎഫ്. വടകരയിലും വയനാട്ടിലും ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞദിവസം പുറത്തുവിട്ട 16ാം സ്ഥആനാര്‍ത്ഥി പട്ടികയിലും ഈ രണ്ട് മണ്ഡലങ്ങള്‍ക്കും ഇടം പിടിക്കാനായില്ല.

ടി സിദ്ധിക്കോ രാഹുല്‍ ഗാന്ധിയോ എന്ന് തീര്‍ച്ചയാക്കാനാകാതെ വയനാട് കുഴങ്ങുന്നതിനിടെ വടകരയില്‍ കെ മുരളീധരന്‍ പ്രഖ്യാപനമെത്തിയില്ലെങ്കിലും പ്രചാരണം തുടരുകയാണ്. ഇതിനിടെ, ജനങ്ങളോട് വോട്ട് ചോദിക്കാന്‍ മുരളീധരന് ജാള്യതയുണ്ടെന്ന പരിഹാസവുമായി ഇടതുപക്ഷം രംഗത്തെത്തി. വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ പ്രതികരണം. എന്നാല്‍ പി ജയരാജന്‍ തോല്‍ക്കുമെന്ന ഭയമാണ് ഇടതുപക്ഷത്തിനെന്നും യാതൊരു അനിശ്ചിതത്വവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തിലില്ലെന്നും മുരളീധരന്‍ തിരിച്ചടിച്ചു.

നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം തുടങ്ങിയിട്ടും വയനാട്ടിലും വടകരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് എല്‍ഡിഎഫ് ആയുധമാക്കുകയാണ്. വടകരയില്‍ പി ജയരാജന്‍ 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനിടെ, വടകരയിലും സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും, മുരളി വെറുതെ വെയിലുകൊള്ളേണ്ട എന്നൊക്കെയുള്ള പരിഹാസമാണ് നാട്ടുകാര്‍ക്കിടയില്‍ നിന്നുപോലും യുഡിഎഫിനെതിരെ ഉയരുന്നത്.

പ്രചാരണത്തില്‍ പത്ത് ദിവസം പിന്നിട്ട മുരളീധരന്‍ ആരോപണങ്ങളെ കാര്യമാക്കുന്നില്ലെങ്കിലും പ്രഖ്യാപനം വൈകുന്നത് വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്. വടകര പ്രഖ്യാപനം വൈകുന്നതില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷത്തിന് കാരണമാവുന്നുണ്ട്.

Exit mobile version