വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല; കേരളത്തിലെ നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ ശരിയല്ലെന്നും പിസി ചാക്കോ

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതമറിയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പിസി ചാക്കോ. കെപിസിസിയുടെ ആവശ്യം ദേശീയ നേതൃത്വത്തിന് ലഭിച്ചെന്നും എന്നാല്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ മത്സരിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വമാണെന്നും പിന്നീട് തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെ നേതൃത്വവും ആവശ്യപ്പെട്ടുവെന്നും പിസി ചാക്കോ പറഞ്ഞു. കേരളം ഇതിന് ശേഷമാണ് ആവശ്യപ്പെട്ടത്. രാഹുല്‍ഗാന്ധി ഇക്കാര്യം തീരുമാനിക്കുന്നത് വരെ നേതാക്കള്‍ പ്രതികരണവുമായി രംഗത്തിറങ്ങരുതെന്നും പിസി ചാക്കോ പറഞ്ഞു.

നേരത്തെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണെന്ന സൂചനുമായി രംഗത്തെത്തിയിരുന്നു. അതേസമയം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version