കോണ്‍ഗ്രസിന് ബിജെപിയിലേക്കുള്ള പാലമാണ് ആര്‍എംപി; വടകരയില്‍ ആര്‍എംപിയെ ഉപകരണമാക്കി മാറ്റിയെന്നും പി ജയരാജന്‍

കൊച്ചി: ആര്‍എംപി-കോണ്‍ഗ്രസ് ധാരണയെ നിശിതമായി വിമര്‍ശിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ബിജെപിയിലേക്കുള്ള പാലം ആയിട്ടാണ് കോണ്‍ഗ്രസ് ആര്‍എംപിയെ ഉപയോഗപ്പെടുത്തുന്നത്. ആര്‍എംപി ചെറിയ പാര്‍ട്ടി മാത്രമാണെന്നും കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയ്ക്ക് ഉണ്ടെന്നും ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു. രാഷ്ട്രീയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എറണാകുളത്തെ കോടതിയില്‍ എത്തിയപ്പോഴായിരുന്നു പി ജയരാജന്റെ പ്രതികരണം.

ഇതിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിച്ചു. ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്‍ പോരാട്ടം അക്രമത്തിനെതിരെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ആര്‍എംപിയുടെ പിന്തുണ മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് കഴിഞ്ഞദിവസം വടകരയിലെത്തിയതിനു പിന്നാലെ പറഞ്ഞിരുന്നു.

നേരത്തെ വടകരയില്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ആര്‍എംപി തീരുമാനം.

Exit mobile version