വടകരയില്‍ സ്ഥാനാര്‍ത്ഥിയെ ഒന്നു പ്രഖ്യാപിക്കൂ; യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും അമര്‍ഷത്തില്‍; മുല്ലപ്പള്ളി വഴങ്ങിയില്ലെങ്കില്‍ പ്രവീണ്‍ കുമാറെന്ന് സൂചന

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വടകര മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് അമര്‍ഷം. രക്തസാക്ഷികളെ ഓര്‍ത്തെങ്കിലും വടകരയെ ഗൗരവത്തോടെ കാണണമെന്നാണ് യുവാക്കളായ അണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആവശ്യം. വടകരയിലെ മത്സരത്തിന് ഏറെ ഗൗരവം ഉണ്ടെന്ന് നേതൃത്വം കരുതണമെന്ന് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ ഫേസ്ബുക്കിലൂടെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ, സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫും വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായി ഫേസ്ബുക്ക് പ്രചാരണം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, വടകരയുടെ അടക്കം നാല് സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വടകരയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍, മുല്ലപ്പള്ളി വഴങ്ങിയിട്ടില്ലെന്നാണ് സൂചന. വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി കെ പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുല്ലപ്പള്ളി ഇല്ലെങ്കില്‍ പ്രവീണ്‍കുമാര്‍ വേണമെന്നാണ് അണികളില്‍ നിന്നും ഉയരുന്ന ആവശ്യം.

രണ്ടു ദിവസം ചര്‍ച്ച നടത്തിയിട്ടും വയനാട് ഉള്‍പ്പടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്. പട്ടിക പ്രഖ്യാപിക്കാത്ത നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം കത്തുന്നുമുണ്ട്.

Exit mobile version