തൃശ്ശൂര്‍ എന്നും സ്വപ്‌നം മാത്രം; ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തിന് പിന്നില്‍ കേരളത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാതെ നിരന്തരമായി അവഗണിച്ചതെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനകത്ത് നേരിട്ട അവഗണനയാണ് ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തിനു പിന്നിലെന്ന് സൂചന. ഏറെ കാലമായി ടോം വടക്കനെ കേരളത്തില്‍ പരിഗണിക്കാത്തത് അദ്ദേഹത്തെ ഇനിയും കോണ്‍ഗ്രസില്‍ തുടരുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കാം. കേരളത്തില്‍ മത്സരിക്കണമെന്ന താല്‍പര്യം ടോം വടക്കന്‍ പലതവണ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം നേതൃത്വം ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ചെറു ചര്‍ച്ചകള്‍ പോലും നടത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. അഖിലേന്ത്യാ വക്താവായി തുടരുമ്പോഴും കേരളത്തില്‍ മത്സരിക്കണമെന്നായിരുന്നു എന്നും ടോം വടക്കന്റെ ആഗ്രഹം.

ശശി തരൂര്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് വന്ന 2014ല്‍ മത്സര രംഗത്ത് എത്താന്‍ ടോം വടക്കനും ആഗ്രഹം പ്രകടിപ്പിക്കുകയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അത് പരിഗണിക്കുകയും ചെയ്തിരുന്നു. പിന്നീട് ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയായെന്ന് അറിഞ്ഞപ്പോള്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വലിയ എതിര്‍പ്പാണ് ആദ്യം ഉണ്ടായത്. ഇതോടെ, എഐസിസി കെട്ടിയിറക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി കൂടി വേണ്ടെന്ന നിലപാടില്‍ നേതൃത്വം എത്തിച്ചേരുകയും ടോം വടക്കന്റെ സാധ്യത മങ്ങുകയും ചെയ്തു.

അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകണമെന്ന ടോം വടക്കന്റെ ആഗ്രഹത്തിന് ഹൈക്കമാന്റ് ചെവികൊടുത്തില്ല. തൃശ്ശൂരും ചാലക്കുടിയും വച്ച് മാറ്റമടക്കമുള്ള വിവാദങ്ങള്‍ക്കും പരാതികള്‍ക്കുമിടെ പേര് പരിഗണിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഈ വരുന്ന തെരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ കോണ്‍ഗ്രസിനായി മത്സരിക്കാന്‍ സന്നദ്ധനായി ടോം വടക്കന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ നേതാക്കള്‍ പ്രഥാമിക പട്ടികയില്‍ പോലും ടോം വടക്കന്റെ പേര് ചര്‍ച്ചയ്‌ക്കെടുത്തില്ല. ഇതെല്ലാം ടോം വടക്കനെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കാലങ്ങളായുള്ള അവഗണനയുടെ കണക്ക് ഓമ്മിപ്പിച്ചും കാര്യം കഴിഞ്ഞാല്‍ പുറംതള്ളുന്നതിലെ പ്രതിഷേധിച്ചുമാണ് പാര്‍ട്ടി വിടുന്നതെന്ന് ടോം വടക്കന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.

Exit mobile version