എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് വേണ്ടി ചുവരെഴുത്തില്‍ മുഴുകി ഇരവിപുരം എംഎല്‍എ എം നൗഷാദ്

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചതിനു പിന്നാലെ പ്രചാരണത്തിനും ചൂടുപിടിക്കുകയാണ്. കേവലം നാല്‍പതോളം ദിവസങ്ങള്‍ മാത്രമാണ് ഇനി വോട്ടെടുപ്പിന് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ അണികളും നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രചാരണ പരിപാടികളില്‍ സജീവമാണ്.

ഇതിനിടെയാണ്, ഇരവിപുരം എംഎല്‍എ എം നൗഷാദ് കൊല്ലം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിനായി പ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജനപ്രതിനിധിയുടെ തിരക്കുകള്‍ മാറ്റിവെച്ച് സാധാരണക്കാരനായ മനുഷ്യനായി നാട്ടുകാര്‍ക്കൊപ്പം ചുവരെഴുത്തില്‍ സജീവമായിരിക്കുകയാണ് എംഎല്‍എ. ഈ ലാളിത്യത്തെ ലാല്‍ സലാം വിളികളോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇടതുപക്ഷ സഖാക്കള്‍ ഇങ്ങനെയാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ഈ ഒത്തൊരുമ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാതൃകയാവേണ്ടതാണെന്നും കമന്റുകള്‍ ഉയരുകയാണ്.

അതേസമയം, കൊല്ലം മണ്ഡലം ആര്‍എസ്പിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായ സ്ഥാനാര്‍ത്ഥിയായാണ് എല്‍ഡിഎഫ് കെഎന്‍ ബാലഗോപാലിനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ രാജ്യസഭ എംപിയായിരിക്കെ മികച്ച പ്രകടനത്തിനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം സ്വന്തമാക്കിയ പാര്‍ലമെന്റേറിയനായിരുന്നു കെഎന്‍ ബാലഗോപാല്‍. സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയിലിരിക്കെ കാഴ്ചവെച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

Exit mobile version