ലീഗിന് പല്ലു പോയ സിംഹങ്ങളെ മത്സരിപ്പിക്കാനാണ് താല്‍പര്യം; മുസ്ലിം ലീഗിനെ പരിഹസിച്ച് കെടി ജലീല്‍

തിരുവനന്തപുരം: ഇത്തവണയും വലിയ മാറ്റങ്ങളോ അമ്പരപ്പിക്കുന്ന തീരുമാനങ്ങളോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച മുസ്ലിം ലീഗിനെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍. മുസ്ലിം ലീഗിന് ഇപ്പോഴും പല്ലുപോയ സിംഹങ്ങളെ മത്സരിപ്പിക്കാനാണ് താല്‍പര്യമെന്ന് കെടി ജലീല്‍ പറഞ്ഞു. കുറ്റിപ്പുറത്ത് സംഭവിച്ചതുപോലെ സംഭവിക്കാതിരുന്നാല്‍ അവര്‍ക്ക് നല്ലത്. മുസ്ലീം ലീഗിനേക്കാള്‍ വിശ്വസിക്കാവുന്ന സ്ഥാനാര്‍ത്ഥികള്‍ ഇടതുസ്ഥാനാര്‍ത്ഥികളാണെന്നും ജലീല്‍ പറഞ്ഞു.

മലപ്പുറത്ത് സിറ്റിങ് എംപി പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ സിറ്റിങ് എംപി ഇടി മുഹമ്മദ് ബഷീറുമാണ് മുസ്ലിം ലീഗ് തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍. യുവാക്കള്‍ക്ക് ഇത്തവണയും പരിഗണന കിട്ടിയില്ല. സീറഅറുകള്‍ പരസ്പരം വെച്ചുമാറാമെന്ന ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ അവസാനിക്കുകയും ഒടുവില്‍ മാറ്റങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുകയുമായിരുന്നു.ഇന്നലെയാണ് ലീഗിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

അതേസമയം എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവിനെയാണ് സിപിഎം മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പൊന്നാനിയില്‍ ഇടിയുടെ എതിരാളി നിലമ്പൂര്‍ എംഎല്‍എയായ അന്‍വറാണ്. സിപിഎം സ്ഥാനാര്‍ത്ഥികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്.

Exit mobile version