തണ്ടര്‍ ബോള്‍ട്ട് ജലീലിനെ വധിച്ചത് അന്യായമായി; ബന്ധുക്കള്‍ക്ക് പരാതിയുണ്ട്; മൃതദേഹം വിട്ടുകിട്ടണമെന്നും സഹോദരന്‍; കൊല്ലപ്പെട്ടത് ജലീല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് കുടുംബം

കല്‍പ്പറ്റ: വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടത് തന്റെ സഹോദരന്‍ സിപി ജലീല്‍ തന്നെയെന്ന് ജലീലിന്റെ ജ്യേഷ്ഠന്‍ സിപി റഷീദ്. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ ചിത്രം സഹോദരന്‍ തിരിച്ചറിഞ്ഞു. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു.

മറ്റെവിടെ നിന്നെങ്കിലും കൊലപ്പെടുത്തി ജലീലിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുവന്നിട്ടതാകാമെന്നും രാത്രി തുടങ്ങിയ വെടിവെയ്പ് രാവിലെ വരെ നീണ്ടെന്ന പോലീസ് വിശദീകരണം സംശയാസ്പദമാണെന്നും സഹോദന്‍ ആരോപിച്ചു. പട്ടാളത്തിന്റെ കൈ്യയില്‍ പോലും ഇത്രയേറെ വെടിയുണ്ടകള്‍ ഉണ്ടാവില്ലെന്നാണ് റഷീദിന്റെ കുറ്റപ്പെടുത്തല്‍. ജലീലിന്റെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. പോലീസുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് ആരോപിക്കുന്നു. മരണ വിവരമറിഞ്ഞ് ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കല്‍പ്പറ്റയില്‍ എത്തിയിട്ടുണ്ട്.

അതേസമയം വെടിവയ്പിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ റെയിഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

മാവോവാദിയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജലീലിന്റെ മറ്റൊരു സഹോദരന്‍ സിപി ജിഷാദ് ആവശ്യപ്പെട്ടു. മരണവിവരം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ല. മൃതദേഹം വിട്ടു നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജിഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണു കൊല്ലപ്പെട്ട സിപി ജലീല്‍. റിസോര്‍ട്ടിനുള്ളിലെ മീന്‍ കുളത്തോടു ചേര്‍ന്നു കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോകും. മാവോയിസ്റ്റ് കബനീ ദളത്തിന്റെ നേതാവ് സിപി മൊയ്തീന്റെ സഹോദരന്‍ കൂടിയാണ് ജലീല്‍. 2014 മുതല്‍ ജലീല്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്.

Exit mobile version