വെടിവെയ്പ്പ് ആരംഭിച്ചത് മാവോയിസ്റ്റുകള്‍, പോലീസുകാര്‍ക്ക് പരിക്കില്ല; കണ്ണൂര്‍ റേഞ്ച് ഐജി

കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്

വൈത്തിരി: വയനാട് വൈത്തിരിയില്‍ വെടിവെയ്പ്പ് തുടങ്ങിയത് മോവോയിസ്റ്റുകളാണെന്നും പോലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം പോലീസ് വെടിവെയ്പ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐജി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാണെന്നാണ് സൂചന. ഒരാള്‍ പോലീസ് കസ്റ്റഡില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

വെടിവെയ്പ്പിനെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വെടിവയ്പ്പ് നടന്ന റിസോര്‍ട്ടിലെത്തിയിട്ടുണ്ട്.

Exit mobile version