സെനികരുടെ ത്യാഗത്തെ ബഹുമാനിക്കുന്നു; എന്നാല്‍ മോഡിയെ ഇനിയും വിമര്‍ശിക്കും; അത് രാജ്യദ്രോഹക്കുറ്റം ആണെങ്കില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറെന്നും കോടിയേരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇനിയും വിമര്‍ശിയ്ക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ ചെയ്തത് രാജ്യദ്രോഹകുറ്റം ആണെങ്കില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താന്‍ പ്രസംഗിച്ചത്. മോഡിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും പ്രസംഗിക്കും. താന്‍ രാജ്യദ്രോഹപ്രസംഗം നടത്തിയെന്ന് പ്രചരണം നടത്തുന്നവര്‍ ആ പ്രസംഗം പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹപരമായ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ല. മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹമാക്കി മുദ്രകുത്തുകയാണ് ബിജെപിക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് പ്രസംഗത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ബിജെപിക്കാര്‍ തന്നെ വീഡിയോയോ ശബ്ദരേഖയോ പുറത്തുവിടട്ടെ.
വ്യോമസേന നടത്തിയ തിരിച്ചടിയെ ബിജെപി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ഇത് ബിജെപിയുടെ നേട്ടമല്ല. സൈനികരുടെയും രാജ്യത്തിന്റെയും കരുത്താണ്.

ആ കരുത്തിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. രാജ്യം ഒരു വ്യക്തിയുടെ കൈയ്യിലല്ല. ലക്ഷക്കണക്കിന് വരുന്ന സൈനികരുടെ കൈകളിലാണ്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷവും ബിജെപി ഇതേപോലെ രാഷ്ട്ട്രീയപ്രചരണം നടത്തിയിരുന്നു.

സൈന്യത്തിന്റെ കൂടെയാണ് രാജ്യമാകെ നില്‍ക്കുന്നത്. സൈനികരുടെ ത്യാഗത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ ഏറ്റവും അപഹസിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതാണെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു

Exit mobile version