വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കും; ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തിലും ഇറക്കും; വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ കേരള ബിജെപി നേതൃത്വം വിശദീകരണം നല്‍കി വശംകെട്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവന. ഇത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴി വെച്ചതോടെ കേരള നേതാക്കള്‍ അമിത് ഷാ ഉദ്ദേശിച്ചത് അതല്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എരിതീയില്‍ എണ്ണപകര്‍ന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

അമിത് ഷായുടെ പ്രസ്താവനയെ ഊട്ടിയുറപ്പിക്കുകയാണ് സുരേന്ദ്രന്‍. വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെയിടുമെന്ന് തന്നെയാണ് ഉദ്ദേശിച്ചതെന്നും ത്രിപുരയില്‍ ചെയ്തത് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പ്രയാസമില്ലെന്നും ബിജെപി നേതാവ് ഫേസ്ബുക്കില്‍ വിശദീകരിക്കുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനര്‍ത്ഥം ഫിസിക്കലി കസേരയില്‍ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്‌നമേ അല്ല. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയന്‍. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.

Exit mobile version