കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ പെരുവഴിയിലായ സംഭവം: ജീവനക്കാരുടെ വീഴ്ചയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ആദ്യയാത്രയില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ പെരുവഴിയിലായത് ജീവനക്കാരുടെ വീഴ്ചമൂലമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് ബസുകളില്‍ ചാര്‍ജിംഗ് ശേഷി ഉറപ്പ് വരുത്തുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയാണെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കുറവായതും ചാര്‍ജ് തീരാനുള്ള കാരണമായി പറയുന്നു. ഇതുസംബന്ധിക്കുന്ന റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത മന്ത്രി എകെ ശശീന്ദ്രന് സമര്‍പ്പിച്ചു.

ഇന്നലെ ആദ്യമായി നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ യാത്രാമധ്യേ ചാര്‍ജ് തീര്‍ന്ന് യാത്ര നിര്‍ത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 3 ബസുകളില്‍ ഒരെണ്ണം ചേര്‍ത്തല വച്ച് ചാര്‍ജ് തീര്‍ന്ന് നിരത്തില്‍ കിടന്നിരുന്നു.

ശേഷിച്ച സര്‍വ്വീസുകളില്‍ ഒരെണ്ണം വൈറ്റിലയില്‍ എത്തിയപ്പോള്‍ സാങ്കേതിക തകരാര്‍ നേരിട്ടു. ഇത് പരിഹരിക്കാന്‍ ടെക്നീഷ്യന്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തേണ്ട അവസ്ഥയാണുണ്ടായത്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയായിരുന്നു.

ബസ് ഇടക്കിടെ നിര്‍ത്തുന്നത് കൊണ്ടാണ് ചാര്‍ജ് തീര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നു. ഒപ്പം ഗതാഗത കുരുക്കില്‍പെട്ടതും ചാര്‍ജ് തീരാന്‍ കാരണമായി കണക്കാക്കുന്നു. ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസിക്കായി ബസ് വാടകയ്ക്ക് നല്‍കിയ കമ്പനി പറഞ്ഞത്.

Exit mobile version