മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ആനക്കുളത്തെ ഉരുക്കുവട വേലി ഇതുവരെ പുനസ്ഥാപിച്ചില്ല; പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

അഞ്ച് മാസം മുന്‍പാണ് വനം വകുപ്പ് 50 ലക്ഷം രൂപ ചെലവിട്ട് ആനക്കുളത്ത് ഉരുക്കുവട വേലി നിര്‍മ്മിച്ചത്

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി ആനക്കുളത്തെ ഉരുക്കുവട വേലി പുനസ്ഥാപിക്കാത്തതിനാല്‍ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. മലവെള്ളപ്പാച്ചിലില്‍ തൂണുകള്‍ ഒഴുക്കില്‍പ്പെട്ട് ചരിഞ്ഞതാണ് വേലി തകരാന്‍ കാരണമായത്. കാലുകള്‍ സ്ഥാപിച്ചതിലെ അപാകതയാണ് വേലി തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

അഞ്ച് മാസം മുന്‍പാണ് വനം വകുപ്പ് 50 ലക്ഷം രൂപ ചെലവിട്ട് ആനക്കുളത്ത് ഉരുക്കുവട വേലി നിര്‍മ്മിച്ചത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടൊണ് സൗരോര്‍ജവേലിയ്ക്ക് പകരം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് പരീക്ഷിച്ചത്. സംസ്ഥാനത്ത് ആദ്യമായിരുന്നു ഈ പദ്ധതി. ഇതോടെ വന്യമൃഗങ്ങളുടെ ശല്യം കുറഞ്ഞു. എന്നാല്‍ പ്രളയത്തില്‍ വേലി തകര്‍ന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ വേലി താങ്ങി നിര്‍ത്തിയ തൂണുകള്‍ക്കടിയിലെ കോണ്‍ക്രീറ്റ് ഇളകിപ്പോയതാണ് വേലി തകര്‍ത്തത്.

ആനക്കുളത്ത് ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തിലാണ് ഉരുക്കുവട വേലി. വേലി തകര്‍ന്നതോടെ ആനക്കുളത്തെ ഓരുവെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടം റോഡിലും കൃഷിയിടങ്ങളിലുമെത്തി ഭീതി വിതയ്ക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉരുക്കുവടത്തിന് തകരാര്‍ സംഭവിക്കാത്തതിനാല്‍ തൂണുകള്‍ പുനര്‍നിര്‍മ്മിച്ച് വേലി പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version