പിജെ ജോസഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് സൂചന നല്‍കി കെഎം മാണി; മരുമകള്‍ നിഷയെ കോട്ടയത്ത് മത്സരിപ്പിക്കാന്‍ നീക്കം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയത്തിനായി തര്‍ക്കം മുറുകുന്നതിനിടെ മാണി കുടുംബത്തില്‍ നിന്നും സീറ്റ് പുറത്തുപോകില്ലെന്ന സൂചന നല്‍കി കെഎം മാണി. ഈ സീറ്റിനായി ശക്തമായ ആവശ്യം ഉന്നയിച്ച പിജെ ജോസഫുമായി സമവായത്തിനില്ലെന്നും മാണി സൂചന നല്‍കുന്നു. ജോസ് കെ മാണിയുടെ ഭാര്യ നിഷയെ കോട്ടയത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.

ജോസഫ് വിഭാഗം പാര്‍ട്ടിവിട്ട് പോകണമെന്ന കടുത്ത നിലപാടിലേക്ക് മാണി വിഭാഗവും എത്തിയതായാണ് സൂചന. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടത്തി സീറ്റ് പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണ് മാണിയുടെ അശരമം. ജോസഫിനെ വെല്ലുന്ന സ്ഥാനാര്‍ത്ഥിയെ സ്വന്തം പാളയത്തില്‍ നിന്ന് കണ്ടെത്താനാണ് ഇപ്പോള്‍ മാണിയുടെ ശ്രമം. മരുമകള്‍ നിഷയിലാണ് ചര്‍ച്ചകള്‍ ഒടുവില്‍ എത്തി നില്‍ക്കുന്നത്. മുന്‍ എംഎല്‍എമാരായ മുതിര്‍ന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തില്‍ കോട്ടയം സീറ്റിലേക്ക് പരിഗണിച്ചത്. പലരും പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

പിജെ ജോസഫ് കോട്ടയം സീറ്റിനായി പിടിമുറുക്കിയതോടെ പദ്ധതികള്‍ പാളി. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിവേണമെന്ന് ഘടകകക്ഷികളും ശാഠ്യംപിടിച്ചതോടെ മാണി സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തീരുമാനം.

കോട്ടയത്തെ സ്ഥാനാര്‍ത്ഥി മാണിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് ജോസഫും കൂട്ടരും നേരത്തെ തിരിച്ചറിഞ്ഞു. കെഎം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ചിന് രൂപം നല്‍കി ചെയര്‍പേഴ്‌സനായി നിഷയെ കഴിഞ്ഞ ദിവസം നിയമിച്ചതും ഈ അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.

Exit mobile version