സൂര്യതാപ സാധ്യത; വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം

ഇതോടെ കാലത്ത് 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള ജോലി സമയം രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെയാക്കി

വയനാട്: വേനല്‍ കടുത്തതോടെ വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി. സൂര്യതാപ സാധ്യത പരിഗണിച്ച് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശമനുസരിച്ചാണ് തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ കാലത്ത് 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള ജോലി സമയം രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെയാക്കി.

വേനല്‍ കടുത്ത് തുടങ്ങിയതോടെ വയനാട്ടില്‍ ഉച്ചസമയത്ത് ജോലി ചെയ്തിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റിരുന്നു. ഇതേ തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തണമെന്ന്
ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടം ഉടമകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയത്.

ഇനി മുതല്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് തൊഴിലാളികളുടെ ജോലി സമയം. എട്ട് മണിക്കൂര്‍ ജോലി പരമാവധി ആറ് മണിക്കൂറാക്കി ചുരുക്കി. എന്നാല്‍ ജോലി സ്ഥലത്ത് കുടിവെള്ളം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം പല ഉടമകളും പാലിക്കുന്നില്ലെന്ന് തൊഴിലാളികള്‍ക്ക് പറഞ്ഞു.

Exit mobile version