കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കുകയാണെങ്കില്‍ കേരളാ പോലീസിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കോടിയേരി

പത്തനംതിട്ട: പെരിയയില്‍ നടന്ന കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നുണ്ടെങ്കില്‍ കേരളാ പോലീസ് എന്തിനാണെന്നും കോടിയേരി ചോദിച്ചു.

അന്വേഷണം നടന്നുവരുന്നതേയുള്ളു. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കേസന്വേഷണത്തേപ്പറ്റി കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായി പറയുന്നതായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഉദുമ എംഎല്‍എയ്ക്ക് പങ്കുണ്ടെങ്കില്‍ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാല്‍ കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു.

Exit mobile version