മോഡി പല നാടകങ്ങളും കളിക്കുന്നയാള്‍; പുല്‍വാമയിലെ ഭീകരാക്രമണത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണം: കാനം

കണ്ണൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പല സംശയങ്ങളും ഉയരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണം. കോണ്‍വോയ് കടന്നുപോകുമ്പോള്‍ സിവിലിയന്‍ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കുന്നതാണു രീതി. എന്നാല്‍ ഇവിടെ എന്തുകൊണ്ടു കടത്തിവിട്ടുവെന്നതു സംശയകരമാണ്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. നരേന്ദ്ര മോഡി പല നാടകങ്ങളും കളിക്കുന്നയാളാണെന്നും കാനം ആരോപിച്ചു.

കേരള സംരക്ഷണയാത്രയുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ടു ദേശീയരാഷ്ട്രീയത്തില്‍ ഒരു ശൂന്യതയുണ്ടാകില്ലെന്നും കാനം പറഞ്ഞു. ബിജെപിക്കെതിരെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന പ്രവചനം സാധ്യമല്ല. 2004ല്‍ പരസ്പരം മത്സരിച്ചശേഷമാണു കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി ഐക്യമുണ്ടാക്കിയതും സര്‍ക്കാര്‍ രൂപീകരിച്ചതും. മഴ പെയ്യുന്നു, നദി കരകവിയുന്നു എന്നു കേട്ട് ഇപ്പോഴേ മുണ്ടു മാടിക്കുത്തേണ്ട കാര്യമില്ലല്ലോ. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിനു മുന്‍പ് ഒരു സഖ്യവുമില്ല. ചില സംസ്ഥാനങ്ങളില്‍ സീറ്റ് ധാരണയുണ്ടാകാം. അതു പക്ഷേ രാഷ്ട്രീയ സഖ്യമല്ലെന്നും കാനം വ്യക്തമാക്കി.

Exit mobile version