കണ്ണൂര്‍ വിമാനത്താവളത്തിനകത്ത് കാക്കകള്‍ കൂടുകെട്ടി താമസിക്കുന്നു! ഡിപ്പാര്‍ച്ചറില്‍ നാല് കാക്കകളുടെ ‘പാര്‍ക്കിങ്’

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനകത്ത് യാത്രക്കാരെ വലച്ച് ടെര്‍മിനല്‍ കെട്ടിടത്തിന് ഉള്ളില്‍ കാക്കകളുടെ ‘കൂട് കെട്ടി’ താമസം. ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ ആണ് കാക്കകള്‍ കൂട്ടത്തോടെ എത്തിയത്. ഭക്ഷണ അവശിഷ്ടങ്ങള്‍ ലഭിക്കുന്ന ഇവിടെ കാക്കകള്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

കുടിവെള്ളത്തിന് വേണ്ടി മാത്രമാണ് കാക്കകള്‍ എയര്‍സൈഡ് വഴി പുറത്തേക്ക് പോകുന്നത്. തലശ്ശേരി സ്വദേശി ഫാസില്‍ മൂസയാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നു കണ്ട കാഴ്ച ഫോട്ടോ സഹിതം സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചത്. ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ കാക്കകള്‍ പാറി നടക്കുന്ന സമാനമായ കാഴ്ചകളുമായി മറ്റ് യാത്രക്കാരും എത്തിയിട്ടുണ്ട്. പ്രത്യേക സുരക്ഷ ഒരുക്കുന്ന ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ 4 കാക്കകള്‍ എത്തിയത് സുരക്ഷാ വീഴ്ച ആണെന്നാണ് യാത്രക്കാരുടെ ആരോപണം.

24 മണിക്കൂറും തുറന്ന് കിടക്കുന്ന ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വഴിയാണ് കാക്കകള്‍ കെട്ടിടത്തിന് അകത്തേക്ക് പ്രവേശിച്ചത് എന്നാണ് കിയാല്‍ അധികൃതരുടെ വാദം. കാക്കകള്‍ അകത്ത് പ്രവേശിച്ച ഉടന്‍ പുറത്ത് എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version