ക്ഷേത്രങ്ങള്‍ എന്നും വീക്ക്‌നെസായ ഒരു കള്ളന്‍! പോലീസിനെ പലവട്ടം കബളിപ്പിച്ച് മുങ്ങിയ തസ്‌കരന്‍ ‘ഭഗവാന്‍ രമേശ്’ ഒടുവില്‍ വലയിലായി

ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളന്‍ ഭഗവാന്‍ രമേശ് പോലീസ് പിടിയിലായി.

വാളയാര്‍: ക്ഷേത്രങ്ങളുടെ മുന്നിലൂടെ പോകുമ്പോഴെല്ലാം മോഷണം നടത്താന്‍ തോന്നുന്ന, ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളന്‍ ഭഗവാന്‍ രമേശ് പോലീസ് പിടിയിലായി. രമേശിനെ പാലക്കാട് വാളയാര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. മലപ്പുറം- പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍.

തമിഴ്‌നാട് ദിണ്ടിഗല്‍, സെമ്പട്ടി സ്വദേശി രമേശ് എന്ന ഭഗവാന്‍ രമേശിന് ഭഗവതി രമേശ്, ഭണ്ഡാര രമേശ് എന്നീ പേരുകളുമുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മോഷണങ്ങളിലൂടെയാണ് മോഷണസംഘത്തില്‍ രമേശ് പല പേരുകളില്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ മൂന്നു മാസമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടന്നു വന്ന നിരവധി ക്ഷേത്ര മോഷണ കേസുകള്‍ക്ക് പിന്നില്‍ രമേശാണെന്ന് പോലീസിന് തുമ്പു ലഭിച്ചു.

വാളയാര്‍ സത്രപ്പടി മാരിയമ്മന്‍ ക്ഷേത്രം, പുതുശ്ശേരി, വടക്കേത്തറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം, അകത്തേത്തറ വേട്ടക്കൊരുമകന്‍ ക്ഷേത്രം, ഇങ്ങനെ ലക്കിടി , കൊപ്പം, പെരുമടിയൂര്‍, കുറ്റിപ്പുറം ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ കൊളളയടിച്ചു. ക്ഷേത്രഭണ്ഡാരങ്ങളും ക്ഷേത്ര ഓഫീസുകളുമാണ് മോഷണത്തിന് തിരഞ്ഞെടുത്തിരുന്നത്.

അടുത്തിടെ ഏകദേശം ഒരു ലക്ഷം രൂപ കളവ് ചെയ്തതായി പ്രതി സമ്മതിച്ചു. കൂടാതെ പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ നിന്ന് ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ച് വിറ്റിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.

പിന്നീട് വാളയാര്‍ – കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ താമസിച്ച് കളവ് നടത്തി വരുകയായിരുന്നു. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം മദ്യത്തിനും, കഞ്ചാവിനുമാണ് ഈ കള്ളന്‍ ഉപയോഗിച്ചിരുന്നത്.

Exit mobile version