തെരഞ്ഞെടുപ്പ്..! സിപിഎം-സിപിഐക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നു; സിപിഎം പ്രാധാന്യം നല്‍കുന്നത് സ്ത്രീ ശക്തിക്ക്, ശശി തരൂരിനെതിരെ ഭാഗ്യലക്ഷ്മിയോ ആനി രാജയോ; കച്ചമുറുക്കി സിപിഐ വിനയനും പുന്നലയും രംഗത്തേക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം-സിപിഐക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നു. സീറ്റുകള്‍ ഫലപ്രദമായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നു എന്ന ആരോപണം സിപിഐയെ കുറിച്ച് ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പതിവ് പല്ലവി മാറ്റാന്‍ ഒരുങ്ങുകയാണ്. ഇടതു അനുഭാവികളായ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളായ സംവിധായകന്‍ വിനയനേയും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും പരിഗണിക്കും.

അതേസമയം ഇരുവരേയും രാഷഅട്രീയ പ്രവേശനത്തെ കുറിച്ച് അറിയാന്‍ സമീപിച്ചെങ്കിലും ഭാഗ്യലക്ഷ്മിയുടെ മറുപടി കിട്ടിയിട്ടില്ല എന്നാണ് അറിവ്. തിരുവനന്തപുരത്ത് ശശി തരൂരിന് തടയിടാന്‍ സിപിഐയുടെ ദേശീയ നേതാവ് ഡിരാജയുടെ ഭാര്യ ആനിരാജയെ ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. സിപിഐ യുടെ ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യാ നേതാവ് കൂടിയാണ് ആനി രാജ. ഇതിനൊപ്പമാണ് അടുത്തിടെ സിപിഐ യുമായി അടുത്തിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ പേരും ചര്‍ച്ചയാകുന്നത്. പാര്‍ട്ടി പരിപാടികളില്‍ സജീവമായി രംഗത്തുള്ള ഭാഗ്യലക്ഷ്മി മികച്ച സ്ത്രീപക്ഷ വാദി എന്ന നിലയിലും കേരളത്തില്‍ അറിയപ്പെടുന്ന മുഖമാണ്.

അതേസമയം സംവിധായകന്‍ വിനയനൊപ്പം സാമുദായിക നേതാവ് പുന്നല ശ്രീകുമാര്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പിപി സുനീര്‍ എന്നിവരൊക്കെയാണ് സിപിഐ യുടെ മനസ്സില്‍. തിരുവനന്തപുരം, വയനാട്, മാവേലിക്കര, തൃശൂര്‍ എന്നിവയാണ് സിപിഐ യ്ക്കായി മാറ്റിയിട്ടിരിക്കുന്ന സീറ്റുകള്‍.

തിരുവനന്തപുരത്തെ ഗൗരവമായി സിപിഐ പരിഗണിക്കുന്നു. ആനിരാജയോ ഭാഗ്യലക്ഷ്മിയോ വന്നാല്‍ കാര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ പുന്നലയെ സിപിഐ പരിഗണിക്കുന്നത് സിപിഎമ്മിനും താല്‍പ്പര്യമുള്ള കാര്യമാണ്. നേരത്തേ പത്തനാപുരം മണ്ഡലം കമ്മറ്റി അംഗമായിരുന്ന പുന്നലയ്ക്ക സിപിഐ യുമായി മുന്‍കാല പരിചയവും ഉള്ളത് തുണയായി മാറും. കൊടിക്കുന്നിലിനെതിരേ ഇറക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായ മത്സരിച്ചാല്‍ പുന്നല മാറും.

വയനാട്ടില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പിപി സുനീറിനെയാണ് പരിഗണിക്കുന്നത്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീറിന് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക. മുസ്ളീംലീഗിന് കനത്ത സ്വാധീനമുള്ള മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് വയനാട് മണ്ഡലത്തില്‍ ആണെന്നതാണ് കാരണം. യുഡിഎഫ് നേതാക്കളായ പിസി ചാക്കോടയുടെയും കെപി ധനപാലന്റെയും സ്ഥാനാര്‍ത്ഥിത്വങ്ങള്‍ മാറിമറിഞ്ഞതിലൂടെ വിവാദം സൃഷ്ടിക്കപ്പെട്ട തൃശൂരില്‍ കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച സിഎന്‍ ജയദേവനെ ഇത്തവണ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. പകരം കെപി രാജേന്ദ്രന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Exit mobile version