കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറിയെന്ന വാര്‍ത്ത വ്യാജം; ഭൂമി വിട്ടു നല്‍കിയിട്ടില്ല; സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി

തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് സമര സമിതി പിന്‍മാറിയിട്ടില്ല. വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വയല്‍ക്കിളികള്‍. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.

വയല്‍ക്കിളികള്‍ കീഴടങ്ങി എന്നും സമര സമിതി നേതാവ് വയല്‍ഭൂമി വിട്ടുനല്‍കിയെന്നും വാട്സ്ആപ്പ് സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി വയല്‍കിളികള്‍ രംഗത്ത് വന്നത്.

ഭൂമിയുടെ രേഖകള്‍ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം.സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂരിന്റെ അമ്മയുടേയും ഭാര്യയുടേയും ഉള്‍പ്പെടെ വയല്‍ഭൂമി ദേശീയപാതക്കുവേണ്ടി വിട്ടുനല്‍കിയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സമരം അവസാനഘട്ടംവരെ കൊണ്ടുപോയെന്നും കേരളസര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായതെന്നും ഭൂമി വിട്ടുനല്‍കിയാല്‍ ഉണ്ടാകുന്ന നഷടപരിഹാരം അര്‍ഹതപ്പെട്ടവര്‍ വാങ്ങുന്നതില്‍ സമരസമിതിക്ക് എതിര്‍പ്പില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതായും വാടസ്ആപ്പ് സന്ദേശത്തിലുണ്ട്.

എന്നാല്‍ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകര്‍പ്പുകളാണ് ഭൂഉടമകള്‍ കൈമാറിയതെന്ന് വയല്‍ക്കിളികള്‍ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി.

Exit mobile version