ജീവനോടെയുണ്ട്! വ്യാജ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി ഗായകന്‍ എരഞ്ഞോളി മൂസ

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് തക്ക മറുപടിയുമായി അദ്ദേഹം രംഗത്തെത്തി.

താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തി. ‘ ഞാന്‍ എരഞ്ഞോളി മൂസ. ജീവനോടെ തന്നെ പറയുകയാണ്. എന്നെക്കുറിച്ച് ഒരു വാര്‍ത്ത ഇങ്ങനെ നല്ല രീതിയില്‍ പ്രചരിക്കുന്നുണ്ട്. അത് ഇല്ലാത്ത വാര്‍ത്തയാണ്. ആ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെ ഇതും പ്രചരിപ്പിക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണം.’ അദ്ദേഹം വീഡിയോയില്‍ പറയുന്നു.

‘ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്നു തുടങ്ങുന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ബുധനാഴ്ച്ച ഉച്ചയോടെ വ്യാപകമായി പ്രചരിച്ചത്. വാട്സാപ്പിലും ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മൂസ തന്നെ രംഗത്തെത്തിയത്.

പ്രമുഖ വ്യക്തികള്‍ മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പുതിയകാര്യമല്ല. പല പ്രമുഖര്‍ക്കും തങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്ന് സമൂഹമാധ്യങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്. ഇതില്‍ അവസാനത്തെ ഇരയാണ് എരഞ്ഞോളി മൂസ.

Exit mobile version