ഡാലസ് ഡയാലിസിസായി; അത്യാസന്നനിലയിൽ കിടപ്പിൽ, ഗാനഗന്ധർവ്വൻ യേശുദാസ് രോഗശയ്യയിലെന്ന് കുപ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

കോഴിക്കോട്: ഗാനഗന്ധർവ്വൻ യേശുദാസ് രോഗശയ്യയിലെന്ന് കുപ്രചാരണം. താരം കിടപ്പിലാണെന്നും ഡയാലിസിസ് ചെയ്തു വരികയാണെന്നുമാണ് പ്രചരിച്ചു വരുന്നത്. ഡാലസും ഡയാലിസിസും അക്ഷരങ്ങൾകൊണ്ടുള്ള വ്യത്യാസമാണ് ഈ കുപ്രചരണത്തിലേയ്ക്ക് വഴിതുറന്നത്. വാട്‌സാപ്പിലും ചില ഓൺലൈൻ വാർത്താ വെബ്‌സൈറ്റുകളിലുമാണ് വാർത്ത വ്യാപകമായി പ്രചരിക്കുന്നത്.

യേശുദാസിന്റെ പിറന്നാൾദിനത്തിൽ നടന്ന പരിപാടിയിലെ ഒരു ആശംസാപ്രസംഗത്തിൽ ‘ദാസേട്ടൻ ഡാലസിലായതിനാൽ പരിപാടിക്ക് എത്താനായില്ല’ എന്ന് മൈക്കിൽ പറഞ്ഞത് ചിലർ ‘ഡയാലിസിസിലായതിനാൽ’ എന്ന് തെറ്റിദ്ധരിച്ച് വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്‌സസിലെ നഗരമായ ഡാലസിലുള്ള മൂന്നാമത്തെ മകൻ വിശാൽ യേശുദാസിന്റെ വീട്ടിലാണ് യേശുദാസും ഭാര്യ പ്രഭയും കുറച്ചുകാലമായുള്ളത്.

മമ്മൂട്ടി ഉൾപ്പെടെയുള്ള താരനിര പങ്കെടുത്ത, വിജയ് യേശുദാസിന്റെ മേൽനോട്ടത്തിൽ നടന്ന പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ‘ഡയാലിസിസ്’ വാർത്ത പ്രചരിക്കുകയും ചെയ്തു. ഈ ആഘോഷപരിപാടിയിൽ മുഴുനീളെ യേശുദാസ് വീഡിയോ ലൈവായി വേദിയിലെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് ആശംസാവാക്കുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നതായും, കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തോട് അടുത്തുള്ളവർ അറിയിച്ചു.

Exit mobile version