ജസ്റ്റിസിന്റെ ഔദാര്യത്തില്‍ കിട്ടിയ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശമല്ലാതെ പന്തളം കൊട്ടാരത്തിന് പ്രത്യേകിച്ച് ഒരവകാശവും ശബരിമലയില്‍ ഇല്ല; മുന്‍ ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ നടയടച്ചിടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന വാദവുമായി രംഗത്തെത്തിയ പന്തളം കൊട്ടാരത്തിന് തിരിച്ചടി. തങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനിയരാണെന്ന് പറയുന്ന പന്തളം രാജകുടുംബത്തിന്റെ വാദം തെറ്റാണെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. രാജഗോപാലന്‍ നായര്‍. ശബരിമലയില്‍ രാജകുടുംബത്തിന് പ്രത്യേകിച്ച് അവകാശങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം എഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ജസ്റ്റിസ് കെടി തോമസിന്റെ ഔദാര്യത്തിലാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന നറുക്കെടുപ്പ് പോലം രാജകുടുംബത്തിലെ കുട്ടി നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് എന്നും അവകാശങ്ങള്‍ പുനഃസ്ഥാപിച്ച് ലഭിക്കണമെന്നും പന്തളം രാജകുടുംബം കേസ് നല്‍കിയിരുന്നെന്നും തുടര്‍ന്ന് ജസറ്റിസ് കെടി തോമസിനെ മധ്യസ്ഥനെ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡും തന്ത്രികുടുംബവും പന്തളം രാജവംശവും ആയിട്ട് നേരിട്ടും അല്ലാതെയും 11 പ്രാവശ്യം കൂടികാഴ്ച നടത്തിയെന്നും അദ്ദേഹം പറയുന്നു അവസാനം പറഞ്ഞു തര്‍ക്കം നീട്ടരുതെന്നും അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് ശാന്തിമാരെ നറുക്കിട്ടെടുക്കാന്‍ പന്തളത്ത് നിന്ന് വരുന്ന ഒരു കുട്ടി ആയിക്കൂടെ എന്ന് ജസ്റ്റിസ് കെടി തോമസ് ചോദിക്കുകയും അതിന്‍ പ്രകാരമാണ് പന്തളം കൊട്ടാരത്തിന് നറുക്കെടുക്കാനുള്ള അവകാശം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പന്തളം രാജവംശത്തിന്റെയും ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. പന്തളം രാജവംശം എന്ന് പറയുന്നത് പാണ്ഡ്യരാജവംശമാണ്. ഏകദേശം 1400-ആം വര്‍ഷത്തില്‍ ആണ് അവര്‍ തിരുവിതാംകൂറില്‍ എത്തുന്നത്. അവര്‍ അവിടെ കുറച്ച് സ്ഥലം വാങ്ങുന്നു അവിടെ ഒരു കൊട്ടാരം പണിയുന്നു. അവിടെ താമസിക്കുന്നു. ആ പ്രദേശം എന്ന് പറയുന്നത് കോന്നി, മലയാലപ്പുഴ, അറക്കുളം, കക്കാട് എന്നിങ്ങനെ നീളുന്നതാണ്. ഇത് പഴയകാലത്തെ ആ പ്രദേശത്തിന്റെ പേരുകള്‍ ആണ്. അദ്ദേഹം പറഞ്ഞു.

അതില്‍ ഉള്‍പ്പെടുന്നതാണ് ശബരിമല ക്ഷേത്രവും. രാജകുടുംബത്തിന്റെ കൈയില്‍ ശബരിമല ക്ഷേത്രവും ഈ പന്തളം പ്രദേശവും ഉണ്ടായിരുന്നു. പക്ഷേ മലയാളമാസം 996 ആകുമ്പോഴേക്കും ആ പ്രദേശം മുഴുവന്‍ അവര്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു. ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍ കാരണം അവര്‍ക്ക് ഉണ്ടായിരുന്ന കടം തന്നെയാണ്. ആ കടം എന്ന് പറയുന്നത് 969 ല്‍ ഉണ്ടായ കടമാണ്. 220001 രൂപ കടം ഉണ്ടായിരുന്നു. വാങ്ങിയത് മാത്യൂ തരകനില്‍ നിന്നും ബാലകൃഷ്ണദാസില്‍ നിന്നുമാണ്. ഇതിന് 2400 രൂപ ഒരു വര്‍ഷം പലിശയുണ്ട്. ഈ മുതലും പലിശയും അവര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് 996 മീനമാസം 10 ആം തീയതി ഈ പ്രദേശം മുഴുവനായി തിരുവിതാംകൂര്‍ കൊട്ടാരം ഏറ്റെടുക്കുകയും കടം ഏറ്റെടുക്കയും ചെയ്തു. അതില്‍പെടുന്നതാണ് ഈ ശബരിമല ക്ഷേത്രവും. എന്ന് രാജഗോപാല്‍ പറഞ്ഞു.

ശബരിമല ക്ഷേത്രം മാത്രമല്ല, മറ്റ് 47 ക്ഷേത്രങ്ങള്‍ കൂടി ഈ തരത്തില്‍ അന്ന് ഏറ്റെടുത്തിരുന്നു. അങ്ങനെ 996 മീനമാസം പത്താം തീയതിയിലെ ഉത്തരവ് പ്രകാരം മേടമാസം എട്ടാം തീയതി തിരുവിതാംകൂര്‍ ദേവസ്വം ഏറ്റെടുത്തു. അതോടുകൂടി തിരുവിതാംകൂര്‍ പ്രദേശത്തിന്റെ ഭാഗമായി ഈ പ്രദേശം മുഴുവന്‍. മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണമായി അവകാശം നഷ്ടപ്പെട്ടു. അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡ് ആക്ടിലെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഹാന്‍ഡ് ഓവര്‍ ചെയ്ത 1200 ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഉമ്ടെന്നും അതാണ് ഇന്‍കോര്‍പ്പറേറ്റ് ആന്‍ഡ് അണ്‍ ഇന്‍കോര്‍പ്പറേറ്റ് ലിസ്റ്റ്. അതില്‍ പെടുന്നതാണ് ശബരിമല ക്ഷേത്രവും. അത് ഹാന്‍ഡ് ഓവര്‍ ചെയ്ത് ബോര്‍ഡില്‍ 1950 മന്നത്ത് പത്മനാഭന്‍ പ്രസിഡന്റായിരുന്ന കാലത്ത് ശ്രി ചിത്തിര തിരുനാള്‍ മഹാരാജാവാണ്. അതിനര്‍ത്ഥം അന്ന് മൊത്തം ക്ഷേത്രങ്ങളുടേയും അവകാശം ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന് ആയിരുന്നു എന്നാണ്. അദ്ദേഹം പറഞ്ഞു.

1811 കോണല്‍ മണ്‍ട്രോയുടെ ഉത്തരവ് പ്രകാരമാണ് ഈ ഉത്തരവുകള്‍ എല്ലാം ഉണ്ടാകുന്നത്. ആ ആക്റ്റില്‍ ഇന്നും നിലവില്‍ ഉള്ളതാണ് ഈ തെളിവുകള്‍ എല്ലാം. ഇതില്‍ കൂടതല്‍ എന്ത് തെളിവാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവകാശം തെളിയിക്കാന്‍ വേണ്ടത്. ശബരിമല മേല്‍ശാന്തിയെ നിയമിക്കുന്നതില്‍ അവകാശം ചോദിച്ചുകൊണ്ട് പന്തളം കൊട്ടാരം ഫയല്‍ ചെയ്ത കേസ് ഹൈക്കോടതിയും സുപ്രീംകോടതിയും 2011 ല്‍ തള്ളിയിരുന്നു. അത് തെളിയിക്കുന്നത് എന്താണ് പന്തളം കൊട്ടാരത്തിന് ഒരു അവകാശവും ഇല്ലെന്ന് തന്നെയല്ലേ. അദ്ദേഹം ചോദിക്കുന്നു.

Exit mobile version