ലോക്‌സഭ തെരഞ്ഞെടുപ്പ്: കുമ്മനം തിരിച്ചെത്തിയേക്കും; സീറ്റ് വേണമെന്ന് ശബരിമല കര്‍മ്മ സമിതിയും; സെന്‍കുമാര്‍, സുരേഷ്‌ഗോപി തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍!

തൃശ്ശൂര്‍: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ ശക്തം. കൊല്ലമടക്കമുള്ള നാലു സീറ്റ് ബിഡിജെഎസ്സിനെന്നു ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ ധാരണയായെന്നാണ് സൂചന. കൊല്ലത്തിനായി ബിഡിജെഎസ് ആവശ്യമുന്നയിച്ചിരുന്നു. എട്ടു സീറ്റാണു ബിജെഡിഎസ് ചോദിച്ചിരുന്നത്. സീറ്റുകള്‍ ഏതെന്ന് എന്‍ഡിഎ ചര്‍ച്ച ചെയ്യും. ബിഡിജെഎസിന്റെ സീറ്റില്‍ ധാരണയായതിനു ശേഷം മാത്രമെ ബിജെപിയുടെ മറ്റു സീറ്റുകളില്‍ തീരുമാനമാകൂ. സുരേഷ്‌ഗോപി, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ടിപി സെന്‍കുമാര്‍ എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും എന്നാണ് സൂചന. മോഹന്‍ലാലിനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ബിജെപി ജയസാധ്യത കല്‍പ്പിക്കുന്ന ചില സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. പക്ഷേ, ആ സീറ്റുകള്‍ കൊടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കു മനസുമില്ല. അതേസമയം ശബരിമല കര്‍മസമിതിയിലെ ചില നേതാക്കളും മല്‍സരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

ശബരിമല വിഷയം എങ്ങനെ വോട്ടാക്കി ഉറപ്പിക്കാമെന്ന ചര്‍ച്ചയും കോര്‍കമ്മിറ്റിയില്‍ നടക്കും. ഒപ്പം മോഡിയുടെ കേരള സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. ശബരിമല നട മാസപ്പൂജയ്ക്കു തുറക്കുമ്പോള്‍ ആചാര ലംഘനത്തിനു ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Exit mobile version