മധ്യകേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനമോ..? ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകണം; നിലപാട് കടുപ്പിച്ച് ഡിസിസികള്‍

കോട്ടയം: വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റിനെ ചൊല്ലിയും സ്ഥാനാര്‍ത്ഥിയെ ചൊല്ലിയും യുഡിഎഫിനകത്ത് സംസാരം തുടങ്ങിക്കഴിഞ്ഞു. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് എന്നുള്ള പരസ്യ പ്രഖ്യാപനം നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി ഡിസിസികള്‍ മുന്നോട്ട് വന്നിരിക്കുന്നു. കോട്ടയം, ഇടുക്കി ഡിസിസികളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടി മത്സര രംഗത്ത് വന്നാല്‍ മധ്യകേരളത്തിലെ യുഡിഎഫിന്റെ സീറ്റ് വിഭജന സമവാക്യങ്ങളില്‍, കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റിലും മാറ്റം വരാനിടയുണ്ട്.

ഉമ്മന്‍ ചാണ്ടിയാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് വീട്ടു കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായേക്കും. കോട്ടയത്തു നിന്നും ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും അണികളും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇതു വരെ തയ്യാറായിട്ടില്ല.

അതസമേയം കോട്ടയം സീറ്റ് വിട്ടു നല്‍കുകയാണെങ്കില്‍ ഇടുക്കി, ചാലക്കുടി സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു നല്‍കണമെന്ന് ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും. പാര്‍ട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് മാണി വിഭാഗം എടുത്തതിനാല്‍ ലോക്സഭാ സീറ്റ് വേണമെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം. അങ്ങനെ വന്നാല്‍ ഇടുക്കി സീറ്റില്‍ ജോസഫ് വിഭാഗം മത്സരിക്കും. അതേസമയം കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

Exit mobile version