സംസ്ഥാനത്ത് എത്ര ശതമാനം സാമ്പത്തിക സംവരണം നല്‍കണമെന്ന് ഇടതു മുന്നണിയും സര്‍ക്കാരും തീരുമാനിക്കും; പിന്നോക്കകാര്‍ക്ക് മാത്രം സംവരണമെന്നും എകെ ബാലന്‍

സംവരണം നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കകാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണത്തില്‍ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നല്‍കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എകെ ബാലന്‍. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കുകയുള്ളുവെന്നും സംവരണം നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10 ശതമാനം വരെ സാമ്പത്തിക സംവരണം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നത്. അതിനാല്‍ എത്ര ശതമാനം വരെ സംവരണം അനുവദിക്കാമെന്നതില്‍ വ്യക്തത വരുത്തണം.വരുമാന പരിധിയെക്കുറിച്ച് കേന്ദ്രത്തിന്റെ നിയമത്തില്‍ വ്യക്തമാക്കുന്നില്ല. ആദായനികുതി അടക്കുന്നവര്‍ക്കൊന്നും സംവരണം അനുവദിക്കില്ല. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കാനാവൂ. ഇവരുടെ സാമ്പത്തികപരിധി എത്രയാക്കണമെന്ന് ഇടതുമുന്നണിയും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കുമെന്നും- അദ്ദേഹം വ്യക്തമാക്കി.

വരുമാന പരിധിയെക്കുറിച്ച് കേന്ദ്രനിയമത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാം. അതിനായി കെഇആര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ ഇടതുമുന്നണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയത് ഏറെ വൈകിയാണെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version