തെയ്യത്തെയും തിറയെയും അറിയാന്‍ തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം; അണ്ടല്ലൂര്‍ കാവിലെ മ്യൂസിയം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്

കണ്ണൂര്‍: തെയ്യത്തിന്റെയും തിറയുടെയും നാടായ ഉത്തരമലബാറിന് തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം. പ്രശസ്തമായ അണ്ടല്ലൂര്‍ കാവിലാണ് തെയ്യകോലങ്ങളെ അടുത്തറിയാനായി തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ഉത്തര മലബാറില്‍ തെയ്യക്കാലം തുടങ്ങിയ കാലത്ത് തന്നെ ഉത്തര മലബാറില്‍ ഒരു തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സംസ്ഥാനസര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത വാസ്തു ശില്‍പ മാതൃകയിലാണ് നിര്‍മ്മാണം. മ്യൂസിയത്തിനൊപ്പം അതിഥി മന്ദിരവും തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ഊട്ടു പുരയും. തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.

അണ്ടല്ലൂരിലെ പരിസ്ഥിതിയെ രൂപപ്പെടുത്തിയ കാവുകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാവുകളേയും ജൈവ വൈവിധ്യത്തെയും കുറിച്ച് പഠിക്കാന്‍ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂര്‍ കാവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version