പണം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കുഞ്ഞുങ്ങളെ പീഡിപ്പിച്ചത് പത്തിലധികം ആളുകള്‍ ചേര്‍ന്ന്; ഒടുവില്‍ അധ്യാപകന്‍ ഉള്‍പ്പെട്ട സംഘത്തെ പോലീസ് വലയിലാക്കി

5 ആണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തിലധികം പേര്‍ക്കെതിരെ ആകെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

മലപ്പുറം: ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകന്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. 5 ആണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തിലധികം പേര്‍ക്കെതിരെ ആകെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതര ലൈംഗിക കുറ്റകൃത്യത്തിനെതിരെയുള്ള പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഒരു കേസില്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

കൊണ്ടോട്ടി, മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് സംഭവം. വിദ്യാര്‍ത്ഥികളിലൊരാള്‍ വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധിച്ച വീട്ടുകാരുടെ ജാഗ്രതയാണ് സംഭവം പുറത്തെത്തിച്ചത്. ലഹരി വില്‍പന തടയുന്നതിന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച ജാഗ്രതാസമിതിയുടെ ഇടപെടലും നിര്‍ണ്ണായകമായി. അവര്‍ നല്‍കിയ വിവരം അനുസരിച്ച് ചൈല്‍ഡ്ലൈന്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം തുറന്നുപറഞ്ഞത്. പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്നവരാണ് മിക്കവരും. ഫേസ്ബുക്ക് മെസെഞ്ചര്‍ വഴി കുട്ടികള്‍ക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച 3 പ്രവാസികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

പ്രതികള്‍ മുങ്ങുമെന്നു സൂചനയുണ്ടായിരുന്നതിനാല്‍ ഒരാഴ്ചയെടുത്താണ് 6 പേരെ വലയിലാക്കിയത്. മുക്കം സ്വദേശി മോഹന്‍ദാസ് (35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരെയാണ് ഒടുവില്‍ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും വിവിധസ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു പീഡനമെന്നാണ് കുട്ടികളുടെ മൊഴി.

ചിലര്‍ക്ക് പീഡനത്തിനു മുന്‍പ് ലഹരിമരുന്ന് നല്‍കിയതായും ഒരു കുട്ടിയെ പത്തിലധികമാളുകള്‍ പീഡിപ്പിച്ചതായും വിവരമുണ്ട്. ബൈക്കില്‍, ലിഫ്റ്റ് നല്‍കിയ പരിചയം ദുരുപയോഗം ചെയ്താണ് ഒരാള്‍ പീഡിപ്പിച്ചതെന്നാണ് കുട്ടികളിലൊരാളുടെ മൊഴി.

Exit mobile version