ഉറക്കം ഇനിയൊരു ജീവനെടുക്കരുത്! ബാലഭാസ്‌കറിന്റെ സ്മരണയില്‍ രാത്രി യാത്രയ്ക്ക് ഇറങ്ങുന്ന ഡ്രൈവര്‍മാര്‍ക്കായി ചായ ബൂത്ത് ഒരുക്കി എജ്യുക്കേഷണല്‍ സൊസൈറ്റി

രാത്രിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ സൗജന്യ ചായ, കാപ്പി വിതരണമാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.

കാസര്‍കോട്: റോഡപകടത്തില്‍ ഇനി ഒരു ജീവന്‍ പൊലിയാതിരിക്കാന്‍ മാതൃകാ പ്രവര്‍ത്തിയുമായി കാസര്‍കോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി. രാത്രിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ സൗജന്യ ചായ, കാപ്പി വിതരണമാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സ്മരണയ്ക്കുള്ള വിതരണബൂത്ത് നാളെ ആറിനു മുന്നാട് ഇഎംഎസ് അക്ഷരഗ്രാമത്തില്‍ റോഡരികില്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് പി രാഘവന്‍ അധ്യക്ഷത വഹിക്കും.

കാസര്‍കോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് ബൂത്ത് സ്ഥാപിക്കുന്നത്. കരിച്ചേരി പാലത്തിനടുത്ത പെര്‍ലടുക്കം ടാസ്‌കോ പരിസരത്തു റോഡരികില്‍ 2 മാസം മുന്‍പു തുടങ്ങിയ കട്ടന്‍ചായ, കാപ്പി വിതരണബൂത്ത് തുടരുന്നുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പ്രവര്‍ത്തനം. സ്വയം പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ചായ, കാപ്പി ടാപ്പ്. ദിവസവും 30 പേര്‍ക്കു കുടിക്കാനുള്ള ചായയും കാപ്പിയുമാണ് ഇതിലൂടെ ലഭിക്കുക. വാഹനം ഓടിച്ചു വരുന്നവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കാവുന്ന കുടിവെള്ള ടാപ്പുമുണ്ട് സമീപം.

Exit mobile version