‘അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി പോസ്റ്റിട്ടോ…? ലിങ്ക് അടക്കം അയച്ചു തന്നാല്‍ നടപടി സ്വീകരിക്കാം! പരാതിയില്‍ പറയുന്ന പോരാളി ഷാജിയും മറ്റും ഇപ്പോള്‍ അപ്രത്യക്ഷമാണ്’ ചെന്നിത്തലയോട് പോലീസ്

പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പോലീസ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ആരോപിക്കുന്നു

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തികൊണ്ട് കുറിപ്പിട്ടുവെന്ന് പരാതി നല്‍കിയ രമേശ് ചെന്നിത്തലയോട് ലിങ്ക് ഹാജരാക്കുവാന്‍ പോലീസിന്റെ നിര്‍ദേശം. രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയിലാണ് പ്രസ്തുത പോസ്റ്റുകളുടെ ലിങ്ക് ആവശ്യപ്പെട്ടിട്ടുള്ളത്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്കാണ് പോലീസ് 2019 ജനുവരി 14ന് മറുപടി നല്‍കിയത്.

പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’, ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും, അവയെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായെന്നും പോലീസ് മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ അറിയിച്ചു.

പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പോലീസ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ആരോപിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതിക്ക് വര്‍ഷങ്ങള്‍ക്കുശേഷം മറുപടി നല്‍കുന്നത് ഇതിനു തെളിവാണെന്നും ഓഫീസ് പറയുന്നു. നിയമസഭയിലടക്കം ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.

Exit mobile version