വെറും 13 കിലോമീറ്റര്‍ നീളമുള്ള റോഡ് ഉദ്ഘാടനം ചെയ്യാന്‍ 3500 കിലോമീറ്റര്‍ പറന്നെത്തി മോഡി;കേരളത്തിന്റെ ഒക്കെ ഒരു വികസനമേ; റോഡ് ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി ..! ട്രോളിക്കൊന്ന് ട്വിറ്റരാറ്റികള്‍

ബിജെപി നേതാക്കളെ വേദിയില്‍ നിരത്തിയിരുത്തി ഉള്ള ബൈപ്പാസ് ഉദ്ഘാടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

തൃശ്ശൂര്‍: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓടിപ്പിടഞ്ഞെത്തിയതിനെ ട്രോളി രസിക്കുകയാണ് സോഷ്യല്‍മീഡിയ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യമായതിനാല്‍ വികസനത്തിന്റെ അക്കൗണ്ടിലേക്ക് ഈ ബൈപ്പാസ് കൂടി ചേര്‍ക്കാനായി കിണഞ്ഞു ശ്രമിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും. ഇതിനായി ഏറെ നാള്‍ നീട്ടി വെച്ച ശേഷം ബിജെപി നേതാക്കളെ വേദിയില്‍ നിരത്തിയിരുത്തി ഉള്ള ബൈപ്പാസ് ഉദ്ഘാടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ഏതായാലും ഉദ്ഘാടനവും കഴിഞ്ഞു പ്രധാനമന്ത്രി തിരിച്ചു പോവുകയും ചെയ്തു. എന്നാലും പ്രധാനമന്ത്രിയെ ട്രോളി മടുത്തിട്ടില്ല, ഈ സോഷ്യല്‍മീഡിയക്ക്. 3500 കിലോമീറ്ററിലധികം ദൂരം പറന്നെത്തിയിട്ടും മോഡിക്ക് രണ്ട് ലൈനും വെറും 13 കിലോമീറ്റര്‍ മാത്രം ദൂരവുമുള്ള റോഡ് മാത്രമല്ലേ ഉദ്ഘാടനം ചെയ്യാന്‍ കിട്ടിയുള്ളൂ എന്ന് പരിതപിക്കുകയാണ് ട്വിറ്ററാറ്റികള്‍.

അതേസമയം, കേന്ദ്രത്തിന്റെ ആലസ്യത്തിന് മറുപടിയായി ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് വാഹനം തലങ്ങും വിലങ്ങും ഓടിച്ച് പൊതുജനങ്ങള്‍ തന്നെ റോഡ് ‘ഉദ്ഘാടനം ചെയ്തിരുന്നു’. ഇത്തരത്തില്‍ ജനങ്ങള്‍ ഉദ്ഘാടനം ചെയ്ത റോഡാണല്ലോ പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ ലഭിച്ചതെന്നാണ് ചിലരുടെ പരിഭവം.

കേരളം വികസനത്തിന്റെ മാതൃകയില്‍ ഏറെ മുന്നിലാണെങ്കിലും കേരളത്തിലെ ഒരു ചെറിയ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ എത്തിയപ്പോഴാണ് മലയാളികള്‍ പോലും ഈ നേട്ടം തിരിച്ചറിഞ്ഞതെന്ന് ട്വിറ്ററിലൂടെ പരിഹാസം ഉയരുന്നു.

താന്‍ പുതിയ വീടു പണിതെന്നും, ഒരു ടോയ്‌ലെറ്റ് മാത്രമുണ്ടായിരുന്ന പഴയ വീട്ടില്‍ നിന്നും വ്യത്യസ്തമായി ഇവിടെ 5 ടോയ്‌ലറ്റുകള്‍ ഉണ്ട്, ഒന്ന് ഉദ്ഘാടനം ചെയ്ത് തരുമോ എന്നാണ് മറ്റൊരു പരിഹാസം.

തന്റെ ബൈക്കിന്റെ ഇന്റിക്കേറ്റര്‍ മാറ്റി പുതിയത് പിടിപ്പിച്ചു, അത് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തുന്നുണ്ടോയെന്ന് മറ്റൊരാളുടെ ആശങ്ക. ഏതായാലും പ്രമുഖ സിനിമാ ഡയലോഗായ പവനായി ശവമായി എന്നത് തിരുത്തി പവനായി മോഡിയായി എന്ന ഹാഷ്ടാഗും, ഓട് മോഡി കണ്ടം വഴി എന്ന ഹാഷ്ടാഗും മോഡിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കത്തിക്കയറുകയാണ്.

Exit mobile version