ശമ്പള പരിഷ്‌കരണവും ക്ഷാമബത്തയുമില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ 16ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

കെഎസ്ആര്‍ടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ 16 ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളില്‍ നടപടിയുണ്ടായില്ലെന്ന ആരോപണം ഉയര്‍ത്തി കെഎസ്ആര്‍ടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ 16 ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ നടത്താനിരുന്ന പണിമുടക്ക് മന്ത്രിമാരായ എകെ ശശീന്ദ്രന്‍, ടിപി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളിന്മേല്‍ മാറ്റിവച്ചിരുന്നു.

അശാസ്ത്രീയ ഡ്യൂട്ടി പാറ്റേണ്‍, ഷെഡ്യൂളിങ് എന്നിവ പിന്‍വലിക്കണമെന്നും 6% ക്ഷാമബത്ത ഡിസംബറില്‍ അനുവദിക്കുമെന്നും ശമ്പളപരിഷ്‌കരണ ചര്‍ച്ച ഉടനുണ്ടാകുമെന്നും ഉറപ്പു നല്‍കിയെങ്കിലും ഇടക്കാലാശ്വാസം പോലും നല്‍കിയില്ലെന്നു യൂണിയനുകള്‍ ആരോപിച്ചു. ഇതോടെ 16 ന് അര്‍ധരാത്രിക്കു ശേഷം എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങുമെന്നാണു സൂചന.

Exit mobile version