പ്രണയനൈരാശ്യം; വിഷുദിനത്തിൽ പ്രിവിയയുടെ ജീവനെടുത്ത് സന്തോഷ്; സ്‌കൂട്ടർ തടഞ്ഞ് കുത്തിപ്പരിക്കേൽപ്പിച്ചു തീകൊളുത്തി കൊന്നു; ജീവനൊടുക്കി പ്രതി

പട്ടാമ്പി: പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപം റോഡരികിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ യുവാവ് ജീനൊടുക്കുകയും ചെയ്തു.

സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്നാണ് പോലീസിന്റെ നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ് തൃത്താല ആലൂർ സ്വദേശി സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവഗുരുതരാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്തോഷ് മരണത്തിന് കീഴടങ്ങി.

പ്രിവിയയും സന്തോഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽനിന്ന് പിന്മാറി പ്രിവിയ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമാണ് പോലീസിന്റെ നിഗമനം. പ്രിവിയ നേരത്തെ മറ്റൊരാളെ വിവാഹംചെയ്തിരുന്നു. പിന്നീട് ഈ ബന്ധം വേർപ്പെടുത്തിയിരുന്നു.

പിന്നീടാണ് സന്തോഷും യുവതിയും തമ്മിൽ അടുപ്പത്തിലായത്. എന്നാൽ വീട്ടുകാർ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ യുവതി സന്തോഷുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഏപ്രിൽ 29-നാണ് പ്രിവിയയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

ALSO READ- ‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

ഞായറാഴ്ച രാവിലെയാണ് കൊടുമുണ്ട തീരദേശറോഡിൽ പ്രിവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. വയലിനോട് ചേർന്ന് റോഡരികിലായിരുന്നു മൃതദേഹം. സമീപത്തായി യുവതിയുടെ സ്‌കൂട്ടറും മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. സമീപത്തെ പുല്ലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടത് പ്രിവിയയാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സന്തോഷാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ തിരയുന്നതിനിടെ ജീവനൊടുക്കാൻ ശ്രമിച്ചനിലയിൽ സന്തോഷിനെ കണ്ടെത്തുകയായിരുന്നു. അതീവഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാളും മരിച്ചു.

ALSO READ- മകളുടെ ഇരുപത്തെട്ടിന് വരാനിരുന്ന ധനേഷ്; ഏഴുമാസം മുൻപ് മടങ്ങിയ ശ്യാംനാഥ്; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ പാലക്കാട്, കോഴിക്കോട്, വയനാട് സ്വദേശികൾ

സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ പ്രതി, കുത്തിവീഴ്ത്തിയശേഷം കത്തിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version