റാന്നിയിൽ ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ; വനിതാ ജീവനക്കാർക്കും പങ്ക്

പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി വിവരം. ഗ്രോ ബാഗിൽ വളർത്തിയ നിലയിലെ കഞ്ചാവ് ചെടികളെ കുറിച്ച് എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്ഒ യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോർട്ട് ഈമാസം 16നാണ് സമർപ്പിച്ചത്.ആറുമാസം മുൻപാണ് സംഭവം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ- ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകള്‍ തകര്‍ത്തു, ജീവനുംകൊണ്ടോടി ജനങ്ങള്‍

ഗ്രോ ബാഗുകളിലായി 40 ഓളം കഞ്ചാവ് ചെടികൾ സ്റ്റേഷന് ചുറ്റും വളർന്നു നിന്നിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ കഞ്ചാവ് ചെടികൾ കണ്ടെത്താനായിട്ടില്ല. കഞ്ചാവ് ചെടികൾ വളർത്തിയതിന്റെ ചിത്രങ്ങളാണ് റേഞ്ച് ഓഫീസർക്ക് ലഭിച്ചിട്ടുള്ളത്. വനിത ജീവനക്കാരടക്കം നിരവധി പേർക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പ്ലാച്ചേരി സ്റ്റേഷനിലെ റെസ്‌ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവരാണ് കഞ്ചാവ്‌ചെടികൾ വളർത്തിയത് എന്നാണ് റിപ്പോർട്ട്. സംഭവം പുറത്തറിഞ്ഞപ്പോൾ ഇവ നശിപ്പിക്കപ്പെട്ടുവെന്നാണ് നിഗമനം. കഞ്ചാവ് വളർത്തിയതിന്റെ ഗ്രോബാഗുകളുടെ അവശിഷ്ടങ്ങളും കണ്ടത്തി.

Exit mobile version