‘കാക്കയുടെ നിറം; കാണുമ്പോൾ അരോചകം’; ആർഎൽവി രാമകൃഷ്ണന് നേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ; നിയമപോരാട്ടത്തിനെന്ന് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: പ്രശസ്ത നർത്തകനും നൃത്താധ്യാപകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ചേരില്ലെന്നും കാൽ അകത്തിവെച്ചുള്ള നിൽപ്പ് കാണുമ്പോൾ തന്നെ അരോചകമാണെന്നും സത്യഭാമ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹിനിയല്ലാത്ത ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല മോഹിനിയാട്ടം എന്നും അത് സ്ത്രീകൾക്കുള്ളതാണ് എന്നുമാണ് സത്യഭാമയുടെ അധിക്ഷേപം. പ്രശസ്തനായ കലാകാരനെ ജാതീയമായി ആക്രമിക്കുന്ന ഈ വാക്കുകൾ സോഷ്യൽമീഡിയയിലടക്കം വലിയ വിമർശനങ്ങൾ നേരിടുകയാണ്.

മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവൂയെന്നും സത്യഭാമ പറഞ്ഞു.

ALSO READ- ലോക്‌സഭാ തെരഞ്ഞെടുപ്പ്; പുതുതായി പേരു ചേര്‍ക്കേണ്ടവര്‍ 25നകം അപേക്ഷിക്കണം, അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിന്

അതേസമയം, തനിക്ക് നേരെ നടത്തിയ അധിക്ഷേപത്തിന് മറുപടി നൽകി ആർഎൽവി രംഗത്തെത്തിയിട്ടുണ്ട്. ഈ അഭിവന്ദ്യ ഗുരു തന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ പ്രതികരിച്ചു.

ആർഎൽവി രാമകൃഷ്ണന്റെ എഫ്ബി പോസ്റ്റ്:

പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.

4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Exit mobile version