തളർന്നുവീണ സിദ്ധാർത്ഥിന് മേൽ കസേരയിട്ട് ഇരുന്നു; ബെൽറ്റ് പൊട്ടുന്നതുവരെ അടിച്ചു; തല കാണില്ലെന്നും ഭീഷണി; പിടിയിലായ സിൻജോ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്തയാൾ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി പോലീസ് പിടികൂടിയ സിൻജോ ജോൺസൺ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്തയാളെന്ന് പോലീസ്. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ വെച്ച് സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തിയതും മർദ്ദനത്തിന് നേതൃത്വം കൊടുത്തതും ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയതും എല്ലാം മുഖ്യപ്രതിയായ സിൻജോ കൂടി ചേർന്നാണ്.

സമാനതകളില്ലാത്ത പീഡനങ്ങളാണ് സിദ്ധാർത്ഥ് ഏറ്റുവാങ്ങിയത്. മരണത്തിന് മുൻപ് പച്ചവെള്ളം പോലും കൊടുക്കാതെ ക്രൂരമായി മർദ്ദിച്ച സിൻജോയുടെ ക്രൂരതകൾ ദൃക്‌സാക്ഷികളിൽ നിന്നും പോലീസിന് മൊഴിയായി ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

സിദ്ധാർഥനെ മൂന്നുദിവസം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയത് ഹോസ്റ്റലിന്റെ നടുമുറ്റത്തിട്ടും ഡോർമെറ്ററിയിൽവെച്ചും കാമ്പസിലെ പാറയ്ക്ക് മുകളിൽവെച്ചുമായിരുന്നു. ഈ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് സിൻജോയായിരുന്നു. ബെൽറ്റ് പൊട്ടുന്നത് വരെ സിദ്ധാത്ഥിനെ ബെൽറ്റ് കൊണ്ടടിച്ചു. അവശനായി നിലത്തുകിടന്ന സിദ്ധാർത്ഥന്റെ ശരീരത്തിന് മുകളിൽ കസേരയിട്ടിരുന്ന് വീണ്ടും അടിച്ചെന്നും സിൻജോയ്ക്കെതിരേ ആരോപണമുണ്ട്.

കൂടാതെ ഈ സംഭവം ഹോസ്റ്റലിന് പുറത്തറിഞ്ഞാൽ തല കാണില്ലെന്ന് മറ്റ് അന്തേവാസികളെയും ഇയാൾ ഭീഷണിപ്പെടുത്തി. കേസിലെ പ്രതികളായ അഖിലും സിൻജോയും ചേർന്നാണ് ആൾക്കൂട്ട വിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്നാണ് ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളുടെ മൊഴി.

ALSO READ- കുന്നംകുളത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു; സുഹൃത്തിന് പരിക്ക്

സിൻജോ ജോൺസനെ ഇന്ന് പുലർച്ചെയോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് പിടികൂടിയത്. ബന്ധുവീട്ടിൽനിന്ന് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം കരുനാഗപ്പള്ളി പോലീസിന്റെയോ കൊല്ലം സിറ്റി പോലീസിന്റെയോ സഹായവും തേടിയിരുന്നില്ല. വയനാട്ടിൽനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് സിൻജോയെ കരുനാഗപ്പള്ളിയിലെത്തി കസ്റ്റഡിയിലെടുത്തത്.

അതേസമയം, സിദ്ധാത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരടക്കം 13 പ്രതികളാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ 18 പേർക്കെതിരെയാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version