‘അമ്മച്ചിയുടെ കട്ട കിട്ടിയത് കൊണ്ട് സ്വന്തം വീടായി’: പൊങ്കാലകല്ല് കൊണ്ട് വീട് സഫലമായ സന്തോഷത്തില്‍ സൈനബയും കുടുംബവും

തിരുവനന്തപുരം: വീണ്ടും ഒരു പൊങ്കാല കാലമെത്തിയിരിക്കുകയാണ്. നിരവധി പേരുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമാണ് ആറ്റുകാല്‍പൊങ്കാല. ആത്മനിര്‍വൃതിയുടെ ആഗ്രഹസാഫല്യങ്ങള്‍ക്കുമായി ദേവിയ്ക്ക് നിവേദ്യം അര്‍പ്പിക്കുമ്പോള്‍ നിരവധി പേര്‍ക്കാണ് ദേവിയുടെ കടാക്ഷം ലഭിക്കുന്നത്. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ വീടില്ലാത്ത നിരവധി പേര്‍ക്കാണ് സ്വന്തം വീട് സഫലമാക്കിയത്.

മാണിക്യവിളാകം സ്വദേശി സൈനബ ഉമ്മയ്ക്കും കുടുംബത്തിനും പൊങ്കാല ഇഷ്ടികകളാണ് സ്വന്തം വീടെന്ന സ്വപ്‌നം സഫലമാക്കിയത്. സൈനബയും മകള്‍ ഷാനിയും കൊച്ചുമക്കളുമെല്ലാം കഴിഞ്ഞിരുന്നത് വാടകവീട്ടിലാണ്. പലവീടുകളില്‍ കൂലിപ്പണിയെടുത്ത് കിട്ടിയ പണം കൊണ്ട് രണ്ട് സെന്റ് ഭൂമി വാങ്ങി. എന്നാല്‍ വീടെന്ന സ്വപ്നത്തിനും തടസങ്ങളേറെയായിരുന്നു. അങ്ങിനെയാണ് പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ കോര്‍പ്പറേഷന്‍ സൗജന്യമായി നല്‍കാറുണ്ടെന്ന്. അങ്ങിനെ സൈനബയും അപേക്ഷിച്ചു.

‘അവിടെ പോയി എഴുതി ഇട്ട്. രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. ഉമ്മാക്ക് കട്ട റെഡിയായെന്ന് പറഞ്ഞു. അങ്ങിനെ എനിക്ക് എട്ടായിരം കട്ട കിട്ടി. അതില്‍ ഏഴായിരം കട്ട ഞാനിങ്ങോട്ട് കൊണ്ടോന്നു. ആയിരം കട്ട കൊണ്ടുവരാന്‍ പറ്റിയില്ല. കണ്ണു തുറന്ന നാളുമുതല്‍ വാടകയ്ക്കാണ് ഞാനും മക്കളും കഴിയുന്നത്.

എനിക്ക് കട്ട കിട്ടിയത് കൊണ്ട് ഇത് പൊങ്ങി പൊങ്ങി വന്നു. അമ്മച്ചിയുടെ കട്ട കിട്ടിയതുകൊണ്ട് ഒരു വീട് വച്ച് കേറിക്കിടക്കാം’. ആറ്റുകാലമ്മയുടെ പൊങ്കാല കല്ലുകളെ കുറിച്ച് പറയുമ്പോള്‍ സൈനബയുടെ കണ്ണു നിറയുന്നു. പൊങ്കാല കല്ലുകള്‍ കൊണ്ട് വീട് ഉയര്‍ന്നതോടെ സ്വരുക്കൂട്ടി വച്ച സമ്പാദ്യം കൊണ്ട് ബാക്കി പണികൂടി തീര്‍ക്കുകയാണ് സൈനബയുടെ ആഗ്രഹം.

സൈനബയെപ്പോലെ 17 കുടുംബങ്ങള്‍ക്കാണ് കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ ഇഷ്ടികകള്‍ നല്‍കിയത്. പൊങ്കാല ഇടാനായി ഉപയോഗിക്കുന്ന ഇഷ്ടികകള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശേഖരിച്ച് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

Exit mobile version