ലോക നന്മയ്ക്കായുള്ള പ്രാര്‍ഥന; പതിവ് തെറ്റിയ്ക്കാതെ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയും കുടുംബവും

തൃശൂര്‍: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ കുടുംബം. അടുത്ത വര്‍ഷത്തെ പൊങ്കാലയ്ക്കുള്ള കാത്തിരിപ്പ് തുടങ്ങുന്ന ദിവസം കൂടിയാണ് ഇന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയിലേക്ക് വ്രതം നോല്‍ക്കുന്നതു പോലെ അത്രയും ഒരുക്കങ്ങളെടുത്താണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടാന്‍ ഓരോ വീടുകളിലും മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിട്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ അറിയപ്പെടുന്നത്. ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിടുന്നതിനായി മാസങ്ങള്‍ മുന്നേ നടത്തുന്ന തയ്യാറെടുപ്പുകളാണ്. വ്രതം നോറ്റ് അമ്മമാരും സ്ത്രീകളും ദേവിക്ക് പൊങ്കാലയിടുന്നു. അതൊരു ഭാഗ്യമാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിടുന്നുവെന്നത് പല വീഡിയോകളും കാണുമ്പോഴാണ് മനസിലാവുന്നത്. അത് മലയാളികള്‍ക്ക് സന്തോഷം പകരുന്നതും അഭിമാനിക്കാവുന്നതുമായ കാര്യമാണ്. അടുത്ത വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള കാത്തിരിപ്പ് കൂടിയാണ് ഈ മഹത് ദിനം’.- സുരേഷ് ഗോപി പറഞ്ഞു.

കണ്ണകി സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമല്ല ആറ്റുകാല്‍ പൊങ്കാല, ഇത് ലോക നന്മയ്ക്കായുള്ളതാണെന്നും സുരേഷ് ഗോപി അറിയിച്ചു. കണ്ണകി പൊങ്കാലയിടുമ്പോള്‍ കോവലന്‍ സമീപത്തുണ്ടാകണമെന്നാണ് സങ്കല്‍പം. വിവാഹത്തിന് ശേഷം പുതുവത്സരം പിറക്കുമ്പോള്‍ ഓരോ കലണ്ടറിലും ആദ്യം അടയാളപ്പെടുത്തുന്നത് ആറ്റുകാല്‍ പൊങ്കാലയാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയൊരു സംസ്‌കാരത്തിന്റെ ഭാഗമാണ് പൊങ്കാല, ഇത് ഓരോ മലയാളിയും ആഘോഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version