‘ബലൂണ്‍ നഷ്ടപ്പെടാതിരിക്കാന്‍ വളയില്‍ നൂല്‍കെട്ടി’ , ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ കുട്ടിയുടെ സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം ആകാശത്തേക്ക്! ;സഹായം തേടി കുറിപ്പ്

തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളുടെ സ്വര്‍ണ്ണവളയാണ് നഷ്ടപ്പെട്ടത്.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മകള്‍ക്ക് കളിക്കാനായി വാങ്ങിയ ഹൈഡ്രര്‍ ബലൂണിനൊപ്പം സ്വര്‍ണ്ണ വള നഷ്ടപ്പെട്ടു പോയെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് കുറിപ്പ്. അബദ്ധത്തില്‍ വള ഊരുകയും ബലൂണ്‍ പറന്ന് പോവുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളുടെ സ്വര്‍ണ്ണവളയാണ് നഷ്ടപ്പെട്ടത്.

വെയര്‍ ഇന്‍ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉണ്ണികൃഷ്ണന്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിനും പരിപാടികളും കാണാനെത്തിയതായിരുന്നു ഉണ്ണികൃഷ്ണന്‍.

ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ മകള്‍ക്ക് കളിക്കാനായി ഹൈഡ്രജന്‍ ബലൂണ്‍ വാങ്ങി നല്‍കി. ബലൂണ്‍ നഷ്ടപ്പെടാതിരിക്കാന്‍ കുട്ടിയുടെ സ്വര്‍ണ്ണ വളയിലായിരുന്നു ബലൂണിന്റെ ചരട് കെട്ടിയിരുന്നുത്. അബദ്ധത്തില്‍ കുട്ടി വള ഊരുകയും പ്ലെയിനിന്റെ ആകൃതിയിലുള്ള ബലൂണ്‍ പറന്ന് പോവുകയായിരുന്നു.

താന്‍ ഏറെ നേരെ ബലൂണിന് പിന്നാലെ പോയെങ്കിലും ഉയരത്തില്‍ പറന്ന് പോയെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ബലൂണിനെ പിന്തുടരാനായില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിവരം ക്ഷേത്രത്തിന് മുന്നിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു. ആര്‍ക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആറ്റുകാല്‍ ക്ഷേത്ര പരിസരത്തു വച്ചു 24/02/2024 രാത്രി ഒന്‍പത് മണിക്ക് എന്റെ മോള്‍ടെ (2.5 വയസ്സ് ) കൈയില്‍ ഉണ്ടായിരുന്ന വിമാനത്തിന്റെ ഷേപ്പ് ഉള്ള ഹൈഡ്രജന്‍ ബലൂണ്‍ കൈ വിട്ടു പോവുകയും ചരട് കെട്ടിയിരുന്ന സ്വര്‍ണ വള അതിനോടൊപ്പം ഉയര്‍ന്നു പോവുകയും നഷ്ടപ്പെടുകയും ചെയ്തു. കണ്ടു കിട്ടുന്നവര്‍ ഈ നമ്പര്‍ 9745528394, അല്ലെങ്കില്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരത്തുള്ള പോലീസ് കണ്ട്രോള്‍ റൂമിലോ ബന്ധപ്പെടുക.

Exit mobile version