ശേഖരിച്ച പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്നും കാൽ ലക്ഷം; കണ്ണുമഞ്ഞളിക്കാതെ അതിഥി തൊഴിലാളി; ഉടമയെ തിരയുന്നു; നന്മ

നെടുമ്പാശേരി: വീടുകളിൽ നടന്ന് പഴയ വസ്ത്രങ്ങൾ ശേഖരിച്ച് വിൽപന നടത്തി ഉപജീവനം നടത്തിയിരുന്ന അതിഥി തൊഴിലാളിയുടെ നന്മ നിറഞ്ഞ മനസാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്തരത്തിൽ ശേഖരിച്ച വസ്ത്രങ്ങൾക്കിടയിൽ നിന്നും ലഭിച്ച വലിയതുക ഉടമയെ കണ്ട് തിരികെ ഏൽപ്പിക്കാനായി കാത്തിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയും വർഷങ്ങളായി കേരളത്തിൽ താമസമാക്കുകയും ചെയ്ത നാരായണൻ.

ശേഖരിച്ച പഴയ വസ്ത്രങ്ങളിലൂടെ ജീവിതം കെട്ടിപ്പടുക്കുകയായിരുന്ന അതിഥി തൊഴിലാളിയെ വസ്ത്രങ്ങളുടെ ഉള്ളിൽ നിന്നും ലഭിച്ച വലിയ തുക ഭ്രമിപ്പിച്ചതേയില്ല. പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്ന് ലഭിച്ച പണം തിരികെ നൽകാൻ ഉടമയെ തേടുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ വിരുത്തി കോളനിയിൽ കുടുംബ സമേതം താമസിക്കുകയാണ് നാരായണൻ.

നാരായണന് കാൽ ലക്ഷത്തിലേറെ രൂപ പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്ന് ലഭിച്ചത്. വ്യാഴാഴ്ച ആലുവ ബാങ്ക് കവലയിലെ വീടുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ വൈകിട്ട് വിരുത്തിയിലെ താമസ സ്ഥലത്ത് കൊണ്ടുവന്ന് തരം തിരിക്കുമ്പോഴാണ് വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കിട്ടിയത്.

ഒട്ടും വൈകാതെ തന്നെനാരായണൻ പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറത്തെ വിവരമറിയിച്ചു. വിരുത്തി കോളനിയിൽ താമസിക്കുന്ന അൻപതോളം അതിഥി കുടുംബങ്ങൾ ചെങ്ങമനാട്, ആലുവ, കുന്നുകര, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങി പഴയ വസ്ത്രങ്ങൾ ശേഖരിച്ച് തരം തിരിച്ച് വിൽപന നടത്തി ജീവിച്ചുവരുന്നുണ്ട്. അധ്വാനിച്ച് ജീവിക്കുന്ന ഈ കുടുംബങ്ങളോട് പ്രദേശത്തുള്ള മറ്റുള്ളവർക്കും വലിയ മതിപ്പാണ്.
ALSO READ- പിതാവിനെ കാണുന്നതിനെ ചൊല്ലി വഴക്ക്: സഹോദരിയെ കുത്തി സഹോദരൻ ജീവനൊടുക്കി; പിന്നാലെ പിതാവും മരിച്ചു

കുറച്ചുനാൾ മുൻപ് മഹാരാഷ്ട്ര സ്വദേശിനിയായ കൽപനയ്ക്കും ഇത്തരത്തിൽ പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങൾ ലഭിക്കുകയും അത് ഉടമയെ കണ്ടെത്തി നൽകുകയും ചെയ്തിരുന്നു. പാറക്കടവ് വട്ടപ്പറമ്പ് സ്വദേശിനിയുടേതായിരുന്നു കാണാതായ സ്വർണം.

അതേസമയം, നാരായണന് വസ്ത്രങ്ങൾക്കിടയിൽ നിന്ന് ലഭിച്ച പണം പൊലീസിന് കൈമാറുമെന്നും ഉടമയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും നൗഷാദ് പാറപ്പുറം അറിയിച്ചിരിക്കുകയാണ്.

Exit mobile version